യാംബു: (gcc.truevisionnews.com) തണുപ്പുകാലം വിടപറഞ്ഞതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടാൻ തുടങ്ങി. ജൂൺ ഒന്ന് മുതൽ വേനൽക്കാലം ആരംഭിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിനകം പല പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശിയിരുന്നു. ഇതിനെ തുടർന്ന് ചൂട് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന താപനില (47 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത് ജിദ്ദയിലാണ്.
പൊടിക്കാറ്റ് വീശിയ സ്ഥലങ്ങളിലെല്ലാം അന്തരീക്ഷത്തിൽ ഇപ്പോഴും പൊടിപലങ്ങൾ തങ്ങിനിൽക്കുകയാണ്. പ്രദേശവാസികൾ കുറച്ചധികം പ്രയാസപ്പെട്ടു. പൊടിമൂടി ദൃശ്യപരത കുറഞ്ഞത് വാഹനഗതാഗതത്തെയും ബാധിച്ചു. വേനൽക്കാലത്തിന് ആരംഭം കുറിച്ചുള്ള കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ പ്രകടമായതെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ വർധന ഉണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രവും മുന്നറിയിപ്പ് നൽകി
ഈ വർഷത്തെ വേനൽക്കാലം കടുക്കുമെന്നതിന്റെ ആദ്യ സൂചനയാണ് ജിദ്ദയിൽ ഇപ്പോൾ തന്നെ താപനില 47 ഡിഗ്രി സെൽഷ്യസ് കാണിച്ചതെന്ന് കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില നല്ല നിലയിൽ തന്നെ ഉയരുമെന്ന സൂചനയാണ് ഇത്. കാലാവസ്ഥ സംഭവവികാസങ്ങൾ മനസ്സിലാക്കി പൊതുജനം മുൻകരുതൽ നടപടികൾ സ്വീകരിക്കണം. വരും ദിവസങ്ങളിലും പൊടിക്കാറ്റും അസ്ഥിരമായ കാലാവസ്ഥാ മാറ്റവും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ മാസത്തോടെ കാലാവസ്ഥ സ്ഥിരപ്പെടുകയും വേനൽ കാലത്തേക്ക് രാജ്യം കടക്കുകയും ചെയ്യും.
National Meteorological Center summer will begin Saudi Arabia from June 1