അബുദാബി: അബുദാബിയിൽ നിന്നും ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് ഒരു സർവീസ് കൂടി ആരംഭിക്കുന്നു. മധുരയിലേക്കാണ് നേരിട്ടുള്ള ഒരു സർവീസ് കൂടി ആരംഭിച്ചിരിക്കുന്നത്. ജൂൺ 13നായിരിക്കും സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 16ാമത്തെ ഇന്ത്യൻ നഗരമാണ് മധുര.
ഇന്ത്യയിലെ ഭുവനേശ്വർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധുരയിലേക്കും സർവീസ് തുടങ്ങുന്നതിന്റെ പ്രഖ്യാപനം എയർലൈൻസ് അധികൃതർ നടത്തിയത്. ആഴ്ചയിൽ മൂന്ന് തവണയായിരിക്കും അബുദാബി-മധുര സർവീസുകൾ ഉണ്ടാകുന്നത്. അവധിക്കാല തിരക്കും ടിക്കറ്റ് നിരക്ക് വർധനയും കണക്കിലെടുത്ത് പുതിയ സർവീസ് ഇന്ത്യക്കാരായ യാത്രക്കാരെ സംബന്ധിച്ച് ആശ്വാസകരമായിരിക്കുമെന്നാണ് എയർലൈൻസ് കമ്പനി അധികൃതർ അറിയിച്ചത്.
മധുര പോലുള്ള ഇന്ത്യയിലെ ചെറിയ നഗരങ്ങളെ പ്രധാനപ്പെട്ട ആഗോള കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ കൂടുതൽ അവസരങ്ങൾ തുറക്കാനാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ അറിയിച്ചു. നേരിട്ടുള്ള സർവീസുകൾ വരുന്നതോടെ മധുരയിൽ നിന്ന് യുഎഇയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കാർഷിക ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ എളുപ്പത്തിൽ അയയ്ക്കാൻ സാധിക്കും.
അത് മേഖലയിലെ വ്യവസായത്തെ ഗുണകരമായി ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഫുജൈറ-മുംബൈ, ഫുജൈറ-കണ്ണൂർ നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ എയർലൈൻസ് ആരംഭിച്ചിരുന്നു. മെയ് 15 മുതലാണ് ഈ സർവീസുകൾ ആരംഭിച്ചത്.
IndiGo Airlines launches another service Ab Dhabi to India