കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ വരുംദിവസങ്ങളിലും അതിശക്തമായ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റുകൾ കാരണം പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് കാഴ്ചാപരിധി കുറക്കുമെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത് ഇപ്പോൾ. ഇത് ചൂട് വർധിപ്പിക്കുകയും താപനില ഉയർത്തുകയും ചെയ്യുന്നു. കടലിൽ തിരമാലകൾ ആറടിയിലധികം ഉയരാനും സാധ്യതയുണ്ടെന്ന് ധരാർ അൽ അലി കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്ത് നിലവിൽ കനത്ത ചൂട് നിലനിൽക്കുന്നുണ്ട്.
പകൽ ശരാശരി 45 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുന്ന താപനില രാത്രിയിലും മിതമായ രീതിയിൽ തുടരുന്നു. താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. കനത്ത ചൂട് പ്രതീക്ഷിക്കുന്ന ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് പുറംജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഈ മാസങ്ങളിൽ മേഖലയിൽ ഉയർന്ന ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ മുൻ നിരയിലാണ് കുവൈത്ത്. ചൂടുകാലത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഉണർത്തി.
intense heat continue with possibility thunderstorms