---
title: "ഷോ വേണ്ട... വിദേശയാത്ര നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നവർക്ക് എട്ടിന്റെ പണി; മുന്നറിയിപ്പ്"
english_title: "cybersecurity experts warn against sharing boarding passes social media"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295602/cybersecurity-experts-warn-against-sharing-boarding-passes-social-media"
published_at: "2025-06-11T12:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68492e6f2ec29_tgyt.jpg"
keywords: []
---

# ഷോ വേണ്ട... വിദേശയാത്ര നാലാളറിയാൻ ബോർഡിങ് പാസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നവർക്ക് എട്ടിന്റെ പണി; മുന്നറിയിപ്പ്

> **Lead Summary:** **ദുബായ്: [** വിദേശവിമാന യാത്രകളിൽ ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. സ്മാർട് ട്രാവൽ വെബ് സൈറ്റ് റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്. യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (പിഎൻആർ) തുടങ്ങി വ്യക്തിഗത വിവരങ്ങൾ അടങ്ങിയതാണ് ബോർഡിങ് പാസ്. ഇത് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നതിലൂടെ ഹാക്കർമാർക്ക് അനായാസം വിവരങ്ങൾ കൈക്കലാക്കാം.

## Article Content

**ദുബായ്: [** വിദേശവിമാന യാത്രകളിൽ ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. സ്മാർട് ട്രാവൽ വെബ് സൈറ്റ് റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്. യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (പിഎൻആർ) തുടങ്ങി വ്യക്തിഗത വിവരങ്ങൾ അടങ്ങിയതാണ് ബോർഡിങ് പാസ്. ഇത് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നതിലൂടെ ഹാക്കർമാർക്ക് അനായാസം വിവരങ്ങൾ കൈക്കലാക്കാം.

വിമാനം പറന്നുയരുന്നതിന് മുൻപ് തന്നെ വ്യക്തിഗത വിവരങ്ങൾ തരപ്പെടുത്തി യാത്ര മുടക്കാൻ സൈബർ തട്ടിപ്പുകാർക്ക് സാധിക്കും. ബോർഡിങ് പാസിലെ ബാർകോഡ് വഴി യാത്രക്കാരന്റെ ഫോൺ നമ്പർ, ഫ്രീക്വന്റ് ഫ്ലയർ അംഗത്വ നമ്പർ, അതേ നമ്പറിൽ ബുക്ക് ചെയ്ത ഭാവിയിലെ യാത്രാ വിവരങ്ങൾ എന്നിവ വായിക്കാൻ ഹാക്കർമാർക്ക് കഴിയുമെന്നു സൈബർ സുരക്ഷാ വെബ് സൈറ്റായ ക്രെബ്സ് ഓൺ സെക്യൂരിറ്റി വ്യക്തമാക്കുന്നു.

വിമാന സീറ്റ് മാറ്റാനും ഭാവിയിലെ വിമാന യാത്രകൾ മുടക്കാനും യാത്രാരേഖകൾ പങ്കുവയ്ക്കുന്നതിലൂടെ സാധിക്കും. എയർലൈൻ അക്കൗണ്ട് മാറ്റാനും ഹോട്ടലുകളും വിമാനത്താവളത്തിൽനിന്നു തുടങ്ങുന്ന ട്രാൻസ്പോർട്ട് ബുക്കിങ് മാറ്റി ആൾമാറാട്ടം നടത്താനും കഴിഞ്ഞേക്കാം.

ബോർഡിങ് പാസ് പങ്കുവയ്ക്കേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായാൽ രഹസ്യ സ്വഭാവമുള്ള ഭാഗങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകേരിക്കുകയോ ചെയ്യരുതെന്നും ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295602/cybersecurity-experts-warn-against-sharing-boarding-passes-social-media)