കാസർകോട്: ( www.truevisionnews.com ) കാസർഗോഡ് കുമ്പളയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം. ദേശീയ പണിമുടക്ക് ദിവസം പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനം. കാസർകോട് കുമ്പളയിലാണ് ഏരിയാ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തിൽ പ്രകടനം നടന്നത്.
'പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും' എന്നാണ് മുദ്രാവാക്യം. എസ്‌ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്. പണിമുടക്ക് ദിവസം സിപിഎം പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
റോഡ് ഉപരോധിച്ച പ്രവർത്തകരെ മാറ്റാൻ ശ്രമിച്ചപ്പോൾ പൊലീസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസിന്റെ നെയിംബോർഡ് അടക്കം പ്രവർത്തകർ പറിച്ചെടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്ന് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ എസ്‌ഐക്ക് എതിരെ രൂക്ഷമായ ഭാഷയിൽ ഏരിയാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടർന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്.
CPM protest against police in Kumbala