കൊല്ലം: ( www.truevisionnews.com ) കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മന്ത്രി പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മിഥുന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ധനമന്ത്രി കെഎൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ നിശ്ചയിച്ചിരുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
മിഥുന്റെ മരണത്തിൽ തേവലക്കര സ്കൂൾ മാനേജ്മെന്‍റിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് വിവരങ്ങൾ. താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈൻ മാറ്റുന്നതിൽ മാനേജ്മെന്‍റിന്‍റെയും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മിഥുന്‍റെ മരണത്തിന് കാരണം. തദ്ദേശ ഭരണ വകുപ്പിന്‍റെ എഞ്ചിനീയർ ഇതൊന്നും പരിഗണിക്കാതെയാണ് സ്കൂളിന് ഫിറ്റ്നസ് നൽകുകയും ചെയ്തിരുന്നത്.
അതേസമയം തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജയുമായി ഫോണിൽ ബന്ധപ്പെട്ടതായി വിവരങ്ങൾ. മകന്റെ മരണ വിവരം സുജയെ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലാണ് മിഥുന്റെ അമ്മയുള്ളത്. മകന്റെ വിവരം അറിയിക്കാൻ പല തവണ ഫോണിൽ വിളിച്ചിട്ടും സുജയെ ലഭിച്ചിരുന്നില്ല.
സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ആ കുടുംബത്തിനൊപ്പമായിരുന്നു അമ്മ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ മരിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുന് വൈദ്യുത കമ്പിയിൽ തട്ടിയാണ് ജീവൻ നഷ്ടമായത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്.
അതേസമയം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന ബന്ധുക്കളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
അനുശോചനം രേഖപ്പെടുത്തുന്നു. അപകട കാരണം സർക്കാർ വിശദമായി പരിശോധിക്കും. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Preliminary report received Minister V Sivankutty says student dies of shock negligence strict action will be taken