#Kerala AI Camera #MVD #Traffic Fine #Road Safety Authority #Jio Internet
തിരുവനന്തപുരം: ( https://truevisionnews.com/) സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകൾ വീണ്ടും പ്രവർത്തനസജ്ജമായി. കെൽട്രോണുമായി ഉയർന്ന തർക്കങ്ങളിൽ ഗതാഗത മന്ത്രി ഇടപെട്ട് ധാരണയിലെത്തിയതോടെയാണ് ക്യാമറകൾ വഴിയുള്ള നിയമലംഘന കണ്ടെത്തലും പിഴ ഈടാക്കലും പുനരാരംഭിച്ചത്. വിച്ഛേദിക്കപ്പെട്ടിരുന്ന ജിയോ ഇന്റർനെറ്റ് സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്.
കെൽട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നൽകാനുണ്ടായിരുന്ന 55 കോടി രൂപയുടെ കുടിശ്ശികയാണ് പ്രതിസന്ധിക്ക് കാരണമായത്. പണം ലഭിക്കാതിരുന്നതോടെ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് തുക അടയ്ക്കാൻ കെൽട്രോണിന് കഴിഞ്ഞില്ല.
ഇതേത്തുടർന്ന് ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുകയും, റോഡുകളിലെ 726 എ.ഐ ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ എം.വി.ഡിയുടെ കൺട്രോൾ റൂം ഡേറ്റാബേസിലേക്ക് അയക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
എ.ഐ ക്യാമറകളുടെ പരിപാലനത്തിനായി മൂന്ന് മാസം കൂടുമ്പോൾ 12 കോടിയോളം രൂപയാണ് മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന് നൽകേണ്ടത്. എന്നാൽ എ.ഐ ക്യാമറകൾ പൂർണ്ണമായും കൺ അടച്ചിരുന്നില്ലെന്നും, നിയമലംഘനങ്ങൾ ക്യാമറ സെർവറുകളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ സെർവറിൽ സൂക്ഷിച്ചിരിക്കുന്ന പഴയ നിയമലംഘനങ്ങൾക്കും കൂട്ടത്തോടെ ഇനി ചലാൻ അഥവാ പിഴ നോട്ടീസ് വരുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.
Content Highlight: Kerala AI Cameras Back Online: MVD Fines Resume After Internet Restored
#Kerala AI Camera #MVD #Traffic Fine #Road Safety Authority #Jio Internet



































