#Latest News #Kerala Price Hike #Rice Price #Coconut Oil #Onam 2026
തിരുവനന്തപുരം: (truevisionnews.com) അരിവിലയും വെളിച്ചെണ്ണ വിലയും പിടിവിട്ടു കുതിക്കുമ്പോൾ ഇത്തവണത്തെ ഓണക്കാലം സാധാരണക്കാർക്ക് ഇരുട്ടടിയാകുമോ എന്ന ആശങ്ക ശക്തം. അയൽസംസ്ഥാനങ്ങളിൽ നെൽക്കൃഷി മുടങ്ങിയതും സംസ്ഥാനത്ത് തേങ്ങയുടെ ലഭ്യത കുറഞ്ഞതുമാണ് വിപണിയിൽ തിരിച്ചടിയായിരിക്കുന്നത്. വിലക്കയറ്റത്തിന്റെ പേരിൽ വിപണിയിൽ ഊഹക്കച്ചവടവും അമിത സംഭരണവും സജീവമാകാനുള്ള സാധ്യതയും സർക്കാർ ഏജൻസികൾ തള്ളിക്കളയുന്നില്ല.
കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ പ്രധാന നെല്ലുൽപാദന സംസ്ഥാനങ്ങളിൽ മഴക്കുറവും ജലസംഭരണികളിലെ വെള്ളം കുറഞ്ഞതും കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇതോടെ ഈ സീസണിൽ കൃഷിയിറക്കാൻ പലരും തയ്യാറാകാതെ മാറിനിൽക്കുകയാണ്. ഇതിനുപുറമേ, കേരളത്തിൽ തന്നെ തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞത് വെളിച്ചെണ്ണ വിപണിയെയും ബാധിച്ചു. നിലവിൽ വെളിച്ചെണ്ണ വിലയിൽ 10 രൂപയുടെ വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിലക്കയറ്റം തടയാനായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഒഎംഎസ്എസ് പദ്ധതിയിലൂടെ സ്വകാര്യ വ്യാപാരികൾക്കും സപ്ലൈകോയ്ക്കും അരി ലഭ്യമാക്കാനുള്ള ഇ-ലേലം സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ നടപടികൾ സ്വീകരിച്ചിട്ടില്ല.

കൂടാതെ, മുൻകാലങ്ങളിലെപ്പോലെ അരി കയറ്റുമതി തീരുവ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് വിപണി വിദഗ്ധരുടെ പ്രധാന ആവശ്യം. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഓണവിപണിയിൽ അരി വില റെക്കോർഡുകൾ ഭേദിക്കുമെന്നുറപ്പാണ്
Content Highlight: Rice And Coconut Oil Prices Surge In Kerala Ahead Of Onam 2026
#Latest News #Kerala Price Hike #Rice Price #Coconut Oil #Onam 2026



































