---
title: "കനത്ത മഴ; യുഎഇയിലെ ചില ഡാമുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്"
english_title: "heavy rain; Warning that some UAE dams may open"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/60647/heavy-rain-warning-that-some-uae-dams-may-open"
published_at: "2022-08-09T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f284233d428_DAM.jpg"
keywords: []
---

# കനത്ത മഴ; യുഎഇയിലെ ചില ഡാമുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **അബുദാബി:** യുഎഇയിലെ ചില മേഖലകളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏതാനും ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**അബുദാബി:** യുഎഇയിലെ ചില മേഖലകളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏതാനും ഡാമുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അധികമുള്ള വെള്ളം വാദികളിലേക്ക് ഒഴുക്കുമെന്നതിനാല്‍ അവയുടെ പരിസരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും യുഎഇ ഊര്‍ജ - അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.

വുറായ (Wuraya), ശൗഖ (Shawkah), ബുറാഖ് (Buraq), സിഫ്നി (Sifni), അല്‍ അജിലി (Al Ajili), അസ്വാനി 1 (Aswani 1), മംദൂഹ് (Mamdouh) തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാന്‍ സാധ്യതയുള്ളത്. സമീപഭാവിയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ജലം സംഭരിക്കാന്‍ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്തയാഴ്‍ചയും യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു. രാജ്യത്ത് കിഴക്കു ഭാഗത്തു നിന്നുള്ള ന്യൂനമര്‍ദം നിലനില്‍ക്കുന്നതിനാല്‍ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഓഗസ്റ്റ് 14 മുതല്‍ 17 വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച കനത്ത മഴയില്‍ റോഡുകളും താമസ സ്ഥലങ്ങളും വ്യാപാര സ്ഥാപനങ്ങളുമടക്കം വെള്ളത്തിനടിയിലായിരുന്നു. നിരവധിപ്പേര്‍ക്ക് താമസ സ്ഥലങ്ങളില്‍ നിന്ന് മറ്റ് താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വരികയും ചെയ്‍തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/60647/heavy-rain-warning-that-some-uae-dams-may-open)