യുഎഇ: യുഎഇയുടെ വിനോദസഞ്ചാര വിശേഷങ്ങളിൽ പുതിയൊരേട് കൂട്ടിച്ചേർത്ത് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). ക്യാംപിങ് അനുഭവങ്ങളും ആഡംബര ആതിഥേയത്വവും ഒരുപോലെ സമ്മേളിക്കുന്ന'ഗ്ലാംപിങ്' കേന്ദ്രം 'മിസ്ക് മൂൺ റിട്രീറ്റ്' അതിഥികൾക്കായി വാതിൽ തുറന്നു. എമിറേറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ വിനോദകേന്ദ്രമാണിത്.
വേറിട്ട മരുഭൂമി കാഴ്ചകളാൽ സമ്പന്നമായ ഷാർജ മെലീഹയിലാണ് പുതിയ വിശ്രമകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഹോട്ടൽ എന്ന വിശേഷണത്തെക്കാൾ പ്രകൃതിയോടിണങ്ങിയ ആധുനിക ആഡംബര ക്യാംപിങ് (ഗ്ലാംപിങ്) സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂൺ റിട്രീറ്റിന്റെ കാഴ്ചകളും വിശേഷങ്ങളും. ഇതുതന്നെയാണ് മറ്റുവിനോദ കേന്ദ്രങ്ങളിൽ നിന്നും ഇതിനെ വേറിട്ടു നിർത്തുന്നതും.
മരുഭൂമിയിലെ സാഹസിക വിനോദങ്ങളും രാത്രിയിലെ വാനനിരീക്ഷണവും പുലർകാല ട്രക്കിങ്ങുകളും തനത് പാരമ്പര്യരുചികളുമെല്ലാം ലോകോത്തര ആതിഥേയസൗകര്യങ്ങളോട് ചേരുമ്പോൾ, മൂൺ റിട്രീറ്റ് അതിഥികൾക്ക് ഒരിക്കലും മറക്കാനാവാത്ത സഞ്ചാരാനുഭവമായി മാറും. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ചന്ദ്രനെ അനുസ്മരിപ്പിക്കും വിധത്തിൽ അർധവൃത്താകൃതിയിലാണ് താമസയിടങ്ങൾ.
മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ ഒരു ബെഡ് സൗകര്യത്തോടെയുള്ള പത്ത് താഴികക്കുടങ്ങൾ (ഡോം), കുടുംബങ്ങൾക്ക് താമസിക്കാൻ പാകത്തിലുള്ള നാല് ടെന്റുകൾ, ഒരു ബെഡ് സൗകര്യമുള്ള രണ്ട് ടെന്റുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ താമസയിടത്തോടും ചേർന്ന് സ്വകാര്യ സ്വിമ്മിങ് പൂളുകളും ലോബിയും ബാർബക്യൂ ഇടവുമുണ്ട്. പ്രകൃതി സൗഹൃദപരമായ വികസന സങ്കൽപ്പങ്ങളിൽ മികച്ച മാതൃകയാവാനുള്ള ഷാർജയുടെ തുടർശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് ഷുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ പറഞ്ഞു.
"വേറിട്ട വാസ്തുശൈലിയും പരിസ്ഥിതസൗഹൃദ നിർമാണ രീതികളും പിന്തുടർന്ന് നിർമിച്ച മൂൺ റിട്രീറ്റ്, പ്രായഭേദമന്യേ എല്ലാവർക്കും ആസ്വാദ്യകരമാവും. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, വെളിച്ച-ശബ്ദമലിനീകരണങ്ങളൊന്നുമില്ലാതെ മെലീഹ മരുഭൂമിയുടെ സൗന്ദര്യം ആവോളമാസ്വദിച്ച് വിനോദങ്ങളിലേർപ്പെടാനും വിശ്രമിക്കാനുമുള്ള ഒരു മനോഹരകേന്ദ്രമാണിത്" - അദ്ദേഹം പറഞ്ഞു.
സ്വകാര്യതയുറപ്പു വരുത്തി, കുടുംബസഞ്ചാരികൾക്കും സാഹസികത തേടുന്നവർക്കുമെല്ലാം അനുയോജ്യമായ വിധത്തിലാണ് മൂൺ റിട്രീറ്റിലെ സൗകര്യങ്ങളുടെയും ക്രമീകരണം. 'മിസ്ക് ബൈ ഷസ'യുമായി ചേർന്ന ഷുറൂഖ് രൂപം കൊടുത്ത 'ഷാർജ കലക്ഷൻ' എന്ന ആതിഥേയ കേന്ദ്രങ്ങളിലെ ഏറ്റവും പുതിയ വിശേഷമാണ് മൂൺ റിട്രീറ്റ്.
'Miss Moon Retreat' to welcome guests