റിയാദ്: സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫില്‍ തിങ്കളാഴ്ച്ച രാവിലെ ആറുമണിക്കുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. മരിച്ച രണ്ടുപേരില്‍ ഒരാള്‍ തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) ആണെന്ന് തിരിച്ചറിഞ്ഞു.
മറ്റേയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ടുപോയ ബസിന്റെ പിന്നില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബസിന്റെ പിന്നിലിരുന്ന ചന്ദ്രശേഖരന്‍ നായരും യു.പി സ്വദേശിയും ഇടിയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. 21 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തുറൈഫ് ജനറല്‍ ആശുപത്രിയിലാണ്.
ചന്ദ്രശേഖരന്‍ നായര്‍ 20 വര്‍ഷമായി തുറൈഫിലെ സ്വകര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറാണ്. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്. തുറൈഫ് നഗരത്തില്‍ നിന്ന് പോകുന്ന അറാര്‍ ഹൈവേയിലാണ് അപകടം നടന്നത്. അപകടമുണ്ടായ ഉടനെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സുകളും ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകളും സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തുറൈഫ് ഗവർണർ ബദ്ർ ബിൻ നജ്ർ അപകടം നടന്ന സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. അപകടം പറ്റിയവർ ഏറെ പേരുള്ളതിനാൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവർത്തകരെയും ഉടൻ തന്നെ ഇവിടേക്ക് നിയോഗിച്ചു.
A non-resident Malayali was also among those who died in a collision between a bus and a truck