ദുബൈ: മൊബൈല്‍ കടയില്‍ നിന്ന് 40 ഫോണുകള്‍ മോഷ്ടിച്ച രണ്ട് പ്രതികള്‍ക്ക് ആറു മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. കഴിഞ്ഞ മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കടയില്‍ പ്രദര്‍ശനത്തിന് വെച്ച മൊബൈല്‍ ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. കടയുടെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. മോഷണം നടന്നെന്ന് മനസ്സിലാക്കിയ കടയുടമ ഈ വിവരം പൊലീസില്‍ അറിയിച്ചു.
തുടര്‍ന്ന് സിഐഡി സംഘം കടയുടെ പുറത്തും അകത്തും സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും ഇതില്‍ നിന്ന് പ്രതികളെ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു.
അറസ്റ്റിലാകുന്ന സമയത്ത് ഇവരുടെ കൈവശം 30 ഫോണുകളാണ് ഉണ്ടായിരുന്നത്. മോഷണം നടത്തുകയെന്ന ലക്ഷ്യത്തില്‍ കട നിരീക്ഷിച്ചിരുന്നതായി പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പറഞ്ഞു. കാല്‍നടയാത്രക്കാരുള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്ത് നിന്ന് പോകുന്നത് വരെ ഇവര്‍ കാത്തിരുന്നു.
തുടര്‍ന്ന് കടയുടെ വാതില്‍ തകര്‍ക്കുകയായിരുന്നു. മോഷ്ടിച്ച ഫോണുകളില്‍ 10 എണ്ണം വില്‍പ്പന നടത്തിയതായും ഇതിന്റെ പണം വീതിച്ചെടുത്തതായും പ്രതികള്‍ സമ്മതിച്ചു. മോഷ്ടിച്ച ഫോണുകളുടെ വിലയായ 28,000 ദിര്‍ഹം പ്രതികളില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവിട്ടു. ആറുമാസത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം പ്രതികളെ നാടുകടത്തും.
40 phones stolen from mobile shop; Dubai Criminal Court sentenced two accused