---
title: "ബലൂൺ ഫെസ്റ്റിവൽ ജനുവരി 19 മുതൽ; ഒരുക്കിയിരിക്കുന്നത് 10 ദിവസം നീളുന്ന പരിപാടികൾ "
english_title: "The Balloon Festival welcomes visitors with a musical feast and live entertainment."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89582/the-balloon-festival-welcomes-visitors-with-a-musical-feast-and-live-entertainment"
published_at: "2023-01-11T12:56:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be64dc9fe7f_baloon.jpg"
keywords: []
---

# ബലൂൺ ഫെസ്റ്റിവൽ ജനുവരി 19 മുതൽ; ഒരുക്കിയിരിക്കുന്നത് 10 ദിവസം നീളുന്ന പരിപാടികൾ 

> **Lead Summary:** **ദോഹ:** സംഗീത വിരുന്നും തൽസമയ വിനോദ പരിപാടികളുമായി ബലൂൺ ഫെസ്റ്റിവൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ജനുവരി 19 മുതൽ 28 വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഫെസ്റ്റിവലിൽ 50 ഹോട്ട് എയർ ബലൂണുകൾ ആകാശത്ത് സൃഷ്ടിക്കുന്ന വിസ്മയ കാഴ്ചകളും അരങ്ങേറും.

## Article Content

**ദോഹ:** സംഗീത വിരുന്നും തൽസമയ വിനോദ പരിപാടികളുമായി ബലൂൺ ഫെസ്റ്റിവൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. ജനുവരി 19 മുതൽ 28 വരെ പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഫെസ്റ്റിവലിൽ 50 ഹോട്ട് എയർ ബലൂണുകൾ ആകാശത്ത് സൃഷ്ടിക്കുന്ന വിസ്മയ കാഴ്ചകളും അരങ്ങേറും.

ബലൂൺ ഫെസ്റ്റിവലിൽ എത്തുന്ന പ്രാദേശിക, രാജ്യാന്തര സന്ദർശകർക്കായി 10 ദിവസം ആകർഷകമായ പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

കുട്ടികൾക്ക് ഇൻഫ്‌ളേറ്റബിൾ കളിപ്പാട്ടങ്ങളുമുണ്ടാകും. പ്രാദേശിക, രാജ്യാന്തര രുചികളുമായി ഫുഡ് കിയോസ്‌ക്കുകളും സജീവമാകും. ഈ വർഷത്തെ മേളയ്ക്ക് പ്രത്യേകതകളുണ്ട്. ആസ്പയർ പാർക്കിനു പകരം ഇത്തവണത്തെ വേദി പഴയ ദോഹ തുറമുഖമാണ്.

മുൻവർഷങ്ങളേക്കാൾ കൂടുതൽ ഹോട്ട് എയർ ബലൂണുകളുമുണ്ട്-50 എണ്ണം. ഉച്ചയ്ക്കു ശേഷവും രാത്രികളിലും ഭീമൻ പട്ടത്തിന്റെ പ്രദർശനവുമുണ്ട്. പ്രതിദിനം 4,000-5,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

കപ്പൽ ടൂറിസം സീസൺ പുരോഗമിക്കുന്നതിനാൽ രാജ്യത്ത് എത്തുന്ന കപ്പൽ യാത്രക്കാർക്കും ബലൂൺ ഫെസ്റ്റിവൽ മികച്ച ദൃശ്യവിരുന്നൊരുക്കും. ഇത്തവണത്തെ 2 ലക്ഷം കപ്പൽ സഞ്ചാരികളെത്തുമെന്നാണ് ഖത്തർ ടൂറിസം പ്രഖ്യാപിച്ചത്.

ദോഹ തുറമുഖത്താണ് യാത്രക്കാരുമായി ആഡംബര കപ്പലുകൾ എത്തുന്നത്. മൂന്നാമത് ബലൂൺ മേള ദോഹ തുറമുഖത്തെ ഗ്രാൻഡ് ടെർമിനലിന് പിറകിലെ മൈതാനത്താണ് നടക്കുക.

ദിവസേന വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പരിപാടികൾ. കുട്ടികളുടെ വിനോദ പരിപാടികളും ഫുഡ് കിയോസ്‌ക്കികളും രാത്രി 11 വരെ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89582/the-balloon-festival-welcomes-visitors-with-a-musical-feast-and-live-entertainment)