Jan 21, 2023 08:33 AM

മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലെ ഇന്ത്യൻ എംബസിയിൽ ഇന്ന് നടന്ന ഓപ്പൺ ഹൗസിൽ വിവിധ പ്രശ്‍നങ്ങള്‍ക്ക് പരിഹാരം തേടി പരാതികളുമായെത്തിയത് നൂറിലധികം പ്രവാസികള്‍.

കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം പ്രവാസികൾ ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതി സമർപ്പിക്കാൻ എത്തിയിരുന്നത്.ഉച്ചക്ക് രണ്ടരയ്ക്ക് ആരംഭിച്ച് നാല് മണിക്ക് അവസാനിക്കേണ്ടിയിരുന്ന ഓപ്പൺ ഹൗസ് വൈകുന്നേരം ആറ് മണി വരെ നീണ്ടു.

ഗാർഹിക തൊഴിലിനായി ഒമാനിലെത്തി തൊഴിൽ തർക്കത്തിൽ അകപ്പെട്ടവരുടെ 38 പരാതികളും, തൊഴിൽ തേടി സന്ദർശന വിസയിൽ മസ്കറ്റിൽ എത്തി പിന്നീട് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ടവരുടെ നാല്‍പതിലധികം പരാതികളും വിവിധ കേസുകളിൽ അകപ്പെട്ടവരുടെ 58 പരാതികളുമാണ് ഇന്നത്തെ ഓപ്പൺ ഹൗസിൽ സ്ഥാനപതി അമിത് നാരംഗിന് മുന്നിലെത്തിയത്.

കൊവിഡിന് ശേഷം നടന്നിട്ടുള്ള ഓപ്പണ്‍ ഹൗസ് പരിപാടികളില്‍ ഇത്രയും പരാതികള്‍ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് എംബസി വൃത്തങ്ങളും അറിയിച്ചു.അംബാസഡര്‍ക്കൊപ്പം എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥരും പരാതികൾ കേൾക്കാൻ എത്തിയിരുന്നു. കൊവിഡിന് ശേഷം ഇന്ത്യയിൽ നിന്നും സന്ദർശന വിസയിൽ ഒമാനിലേക്ക് ധാരാളം പേർ എത്തുന്നുണ്ടെന്നും ഇങ്ങനെ വരുന്നവരില്‍ നിരവധിപ്പേര്‍ വിസ തട്ടിപ്പിനും തൊഴിൽ തട്ടിപ്പിനും മറ്റ് പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും ഓപ്പൺ ഹൗസിൽ പങ്കെടുത്ത 'കൈരളി ഒമാൻ' പ്രസിഡണ്ട്‌ ഷാജി സെബാസ്റ്റ്യൻ പറഞ്ഞു.

മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ എല്ലാ മാസവും നടന്നു വരുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും സ്ഥാനപതിയോട് നേരിട്ട് ഉന്നയിക്കാനാവും. എല്ലാ മേഖലയിലുമുള്ള പ്രവാസികളുടെ സൗകര്യം പരിഗണിച്ച് എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ചയായിരുന്നു പരിപാടി നടന്നു വന്നിരുന്നത്.

മുൻകാലങ്ങളില്‍ ഉണ്ടായിരുന്നതുപോലെ സ്ഥിരമായി ഒരു വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് ദിവസമായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൈരളി ഒമാൻ ഭാരവാഹികൾ അംബാസഡര്‍ക്ക് നിവേദനം സമർപ്പിച്ചു. ഇക്കാര്യം എംബസി അധികൃതർ അനുഭാവപൂർവം പരിഗണിച്ചുവെന്ന് കൈരളി ഒമാൻ സെക്രട്ടറി ബാലകൃഷ്ണൻ കുന്നിന്മേൽ അറിയിച്ചു.

More than 100 expatriates came to the Indian Embassy open house with complaints

Next TV

Top Stories