ദോഹ : മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് പ്രവേശിക്കാനെത്തിയയാളെ ഖത്തര്‍ ലാന്റ് കസ്റ്റംസ് വകുപ്പ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി കരമാര്‍ഗം വാഹനത്തിലെത്തിയ ആളില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ആയുധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മെഷീന്‍ ഗണ്‍ രണ്ട് ഭാഗങ്ങളായി വേര്‍പ്പെടുത്തി പ്രത്യേകം പൊതിഞ്ഞ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കൊണ്ടുവന്നത്. അബൂ സംറ ബോര്‍ഡര്‍ പോസ്റ്റില്‍ കംസ്റ്റസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് യന്ത്രത്തോക്ക് രാജ്യത്തേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കിയത്.
രാജ്യത്തേക്ക് ഒരു തരത്തിലുമുള്ള നിരോധിത വസ്‍തുക്കള്‍ കടത്താന്‍ ശ്രമിക്കരുതെന്ന് തങ്ങള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ കള്ളക്കടത്തുകാരെ പിടികൂടാന്‍ ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് അറിയിച്ച ഖത്തര്‍ കസ്റ്റംസ്, കള്ളക്കടത്തുകാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അറിയിച്ചു.
Customs arrests man traveling to Qatar with machine gun