ജിദ്ദ: രാജ്യത്തെ വടക്കൻ മേഖല അതിർത്തി കവാടമായ അറാർ ജദീദ് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തഫീഖ് അൽ റബീഅയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഇതുവഴി എത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്താനാണ് സംഘം അറാർ ജദീദിലെത്തിയത്.
കവാടത്തിലെത്തിയ ഇറാഖി തീർഥാടകരെ ഹജ്ജ് മന്ത്രിയും സംഘവും സ്വീകരിക്കുകയും സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇറാഖിൽനിന്ന് തീർഥാടകർ കരമാർഗം സൗദിയിലേക്ക് പ്രവേശിക്കുന്ന കവാടമാണ് അറാർ ജദീദ്. കഴിഞ്ഞ റമദാനിലാണ് കവാടം വീണ്ടും തുറന്നത്. ഈ വർഷം ഉംറ സീസൺ തുടങ്ങിയത് മുതൽ 1,20,000 തീർഥാടകർ അതുവഴി എത്തിയതായാണ് കണക്ക്.
ഹജ്ജ് ഉംറ മന്ത്രിക്കുപുറമെ സൗദി പാസ്പോർട്ട് മേധാവി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് അബാനമി, ഗതാഗത, ലോജിസ്റ്റിക് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Hajj Minister visits Saudi Northern Crossing Gate