മസ്കത്ത്: പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യങ്ങളെ പിടിച്ച് കഴിക്കരുതെന്നും ഇവിടങ്ങളിൽ നീന്തരുതെന്നും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ദുകം, മസീറ വിലായത്തുകളുടെ ചില ഭാഗങ്ങളിൽ ‘പച്ച വേലിയേറ്റം’ എന്നറിയപ്പെടുന്ന ‘ഫൈറ്റോപ്ലാങ്ക്ടൺ’ ബാധിച്ചതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പച്ച ആൽഗകളുടെ കൂട്ടമാണ് ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമാകുന്നത്.
പച്ച വേലിയേറ്റ പ്രതിഭാസങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് വടക്കേ അമേരിക്ക, ഏഷ്യ, പസഫിക് സമുദ്രം എന്നിവയുടെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളെയാണ്.
പച്ച വേലിയേറ്റം എന്ന പ്രതിഭാസത്തിന് കാരണമാകുന്ന ഫൈറ്റോപ്ലാങ്ക്ടൺ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഒമാനിലെ ജലാശയങ്ങളിൽ തഴച്ചുവളരാറുള്ളതെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു.
'Green wave phenomenon': Mantralaya with warning