അബുദബി: യു.എ.ഇയിൽ എവിടെ നിന്നും എയർ ആംബുലൻസിനായി 998 എന്ന നമ്പറിൽ വിളിക്കാമെന്നും ആവശ്യം അനിവാര്യമെങ്കിൽ എയർ ആംബുലൻസ് അയക്കുമെന്നും അബുദബി പൊലീസിന്റെ ഏവിയേഷൻ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ പൈലറ്റ് സഈദ് സാലിം അൽ മരാർ.
അടിയന്തര ആവശ്യങ്ങളിൽ ദൗത്യത്തിലേർപ്പെടാൻ പൊലീസിന്റെ എയർ ആംബുലൻസുകൾ എപ്പോഴും സുസജ്ജമാണ്.2022 ൽ അബൂദബി പൊലിസിന്റെ വ്യോമയാന വിഭാഗം നടത്തിയത് 1340 ദൗത്യമാണ്. പരിക്കേറ്റവരെയും സുഖമില്ലാത്തവരെയും എയർ ലിഫ്റ്റ് ചെയ്ത 101 ദൗത്യം ഉൾപ്പെടെയാണിത്.
370 പൊലീസ് പട്രോളിങ് ദൗത്യവും 611 ജീവനക്കാരുടെ പരിശീലന ദൗത്യവും ഇതിൽ ഉൾപ്പെടുന്നു. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ദൗത്യവും ഇതിനു പുറമെ നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.അടിയന്തര സിസേറിയൻ ആവശ്യമായ സ്ത്രീക്കുവേണ്ടി ആരോഗ്യ പ്രവർത്തകരുമായി 2022 സെപ്റ്റംബറിൽ പൊലീസിന്റെ എയർ ആംബുലൻസ് സർവിസ് നടത്തിയിരുന്നു.
ഇതിനുശേഷം നവജാത ഇരട്ട ശിശുക്കളുമായി സമീപ ആശുപ്രതിയിലേക്കും എയർ ആംബുലൻസ് പറന്നു. അബൂദബി ഫാൻ റോഡിൽ ട്രക്കുമായി കൂട്ടിയിടിച്ച വാഹനത്തിലെ യാത്രികനായ ഏഷ്യൻ പൗരനെ അബുദബി പൊലീസിന്റെ എയർ ആംബുലൻസിലാൺ ആശുപത്രിയിലെത്തിച്ചത്. അബുദബിക്ക് സമീപം അൽ ദഫ് മേഖലയിലെ മരുഭൂമിയിൽ അപകടത്തിൽപ്പെട്ടവരെയും മുമ്പ് എയർ ആംബുലൻസിൽ സായിദ് സിറ്റി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
UAE Police air ambulances are ready