ദുബായ്: ചുറ്റിപ്പിണഞ്ഞു കിടക്കുന്ന മരവള്ളികൾ പോലെ ഉരുക്കുകമ്പിച്ചുറ്റുകളും മരഫോസിലുകളും ചെടികളുമാണ് ചെക്ക് റിപ്പബ്ലിക് പവിലിയനെ ശ്രദ്ധേയമാക്കുന്നത്. സസ്റ്റെയ്നബിലിറ്റി പവിലിയന്റെ പ്രവേശന കവാടത്തിൽ ആദ്യം തന്നെ കാണുന്ന പവിലിയനും ഇതുതന്നെ. മരുഭൂമിയെ സമ്പന്നമായ മരുപ്പച്ചയാക്കുന്നത് എങ്ങനെയെന്ന് ഇവിടെനിന്നു മനസ്സിലാക്കാം.
ചെക്ക് വസന്തം എന്നാണ് പവിലിയന്റെ പേരും. പുറമേയുള്ള കാഴ്ചയ്ക്കപ്പുറം സാങ്കേതികവിദ്യയുടെ പ്രദർശനം കൂടിയാണിവിടെ. സേവർ (സോളർ എയർ വാട്ടർ റിസോഴ്സ് സിസ്റ്റം)എന്ന സാങ്കേതിക വിദ്യ കൊണ്ട് അന്തരീക്ഷത്തിൽ നിന്ന് വെള്ളം ഉത്പാദിപ്പിച്ചു കാണിക്കുന്നു.
കൃഷിക്കുള്ള ജലവും കുടിക്കാനുള്ള ജലവുമെല്ലാം പ്രത്യേകം നിർമിക്കുന്നുണ്ട്. ഇതിനൊപ്പം ആൽഗെകളും ഫംഗെകളെയും നിർമിച്ച് ജലത്തിന്റെ പോഷകമൂല്യം വർധിപ്പിക്കാൻ സാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ ജലം ഉപയോഗിച്ചാണ് പവിലിയനു വെളിയിലെ ചെടികളും മരങ്ങളുമെല്ലാം നനയ്ക്കുന്നതും മരുഭൂമിയെ പച്ചപ്പണിയിക്കുന്നതും.
12 മീറ്റർ ഉയരത്തിലുള്ള കമ്പിച്ചുറ്റുകൾ പോലൊരു സൃഷ്ടി മറ്റൊരു പവിലിയനിലും കാണാനാകില്ല. മനുഷ്യ ഹൃദയം പോലെ പവിലിയന്റെ ഹൃദയവും പുറമേ നിന്ന് അകത്തേക്കു നീണ്ടു കയറുന്ന കമ്പിച്ചുറ്റുകളാണ്. ഇതിൽ ഹൃദയ അറകൾ പോലെ സ്ഫടിക പാത്രങ്ങളിൽ ജലം ശേഖരിച്ചിട്ടുണ്ട്. പ്രതിദിനം 800 ലീറ്റർ ജലം ഇവർ ഉത്പാദിപ്പിക്കുന്നു. ഇതിനു പുറമെ ജലസ്രോതസ്സുകളും സമുദ്രവും ശുദ്ധമാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഇൻസ്റ്റലേഷനുകളുമുണ്ട്.
ചെക്ക് കലാകാരന്മാർ സ്ഫടികത്തിൽ തീർത്തിരിക്കുന്ന കലാരൂപങ്ങളും പെയിന്റിങും പവിലിയനെ കൂടുതൽ ആകർഷകമാക്കുന്നു. ഹാളിന്റെ ഒരറ്റത്ത് നീണ്ട തൂക്കണാം കുരുവിക്കൂടുകൾ ചേർന്നതു പോലെ ലൈറ്റും ഗ്ലാസും കൊണ്ടു നിർമിച്ച ഇൻസ്റ്റലേഷനും ഏറെ ആകർഷകം. തിരമാലകൾ പോലെ ചലിച്ചു കൊണ്ടിരിക്കുന്ന കണ്ണാടികളും മറ്റൊരു ആകർഷണമാണ്. റോബട്ടിക് ചലനങ്ങളാണ് ഒരോ കണ്ണാടിക്കും നൽകിയിരിക്കുന്നത്. ഇത് പ്രത്യേക രീതിയിൽ ചലിക്കുമ്പോൾ ഭിത്തിയിലെ കണ്ണാടികൾ ഒന്നാകെ ഓളം തല്ലുന്നതുപോലെയാകും. സാങ്കേതിക വിദ്യയുടെ മറ്റൊരു വൻ സാധ്യതയും സൗന്ദര്യവുമാണ് തെളിയുന്നത്.
How to make water from the atmosphere with technology?