Nov 25, 2021 08:48 PM

ദുബായ്: ചെറുസിനിമകളിലൂടെ ലോക റെക്കോർഡിൽ മുത്തമിട്ട് മലയാളി വിദ്യാർഥിനി. അജ്മാൻ അൽ അമീർ സ്കൂൾ പ്ലസ് ടു വിദ്യാർഥിനി ധ്വനി സനിൽ ദേവിയാണ് 'ദി യംഗസ്റ്റ് ഷോർട് ഫിലിം മേക്കർ' എന്ന ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്‌സ് സ്വന്തമാക്കിയത്. മൂന്നാം വയസ്സിൽ അഭിനയിച്ചുകൊണ്ടാണ് ഹ്രസ്വ സിനിമകളുടെ ലോകത്ത് ധ്വനി കാലെടുത്തുവയ്ക്കുന്നത്.

പത്താം വയസ്സിൽ ഇൻസൈറ്റ് എന്ന സ്വന്തം ചെറുസിനിമ സംവിധാനം ചെയ്‌ത്‌ പ്രതിഭ തെളിയിച്ചു. പത്ത് ചെറുസിനിമകളും ഒരു മുഴുനീള വെബ് സീരീസുമായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. വീഡിയോ എഡിറ്റിങ്ങും പോസ്റ്റർ ഡിസൈനിങ്ങും ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന മറ്റു കലാരംഗങ്ങളാണ്. തൻറെ ഹ്രസ്വചിത്രങ്ങൾ സാമൂഹികബോധത്തിൻറെ ചെറുതല്ലാത്ത ആശയപ്രകാശനവേദികളാകണമെന്നാണ് ആഗ്രഹമെന്ന് ധ്വനി പറയുന്നു.

ഇൻസൈറ്റ് , എ ഡേ വിത്തൗട്ട് യു , അലർട്ട്, കോളിങ്, കുടുക്ക , അലാം എന്നിവയാണ് പ്രധാന ഹ്രസ്വചിത്രങ്ങൾ. യു എ ഇയിൽ ചിത്രീകരിച്ചിച്ചിട്ടുള്ള റൂം ഫോർ റെന്റ് ആണു സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച വെബ് സീരിയൽ. ലൗലോലിക്ക, അസ്തമയം , വയലിൻ മിറർ , മാഗ്നെറ്റ് , ഇനിയും എന്നിവയും ഒരുക്കി.

കൂടാതെ, യുഎഇ ദേശീയഗാനം , സേവയുടെ പരസ്യ ചിത്രം എന്നിവയില്‍ അഭിനയിക്കുകയും ചെയ്തു. കുട്ടികളാണ് മിക്ക ചിത്രങ്ങളിലെയും പ്രധാന കഥാപാത്രങ്ങൾ. ജെ ആർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജാക്കി റഹ്മാൻ നിർമിച്ച് ബിനു ഹുസൈൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സഹസംവിധായികയുമാണ്.

യുഎഇയിലെ ഹൈസ്കൂൾ,സർവകലാശാല വിദ്യാർഥികൾക്കായി ഫ്യൂച്ചർ പ്രൂഫ് എന്ന പേരിൽ നിക്കോൺ മിഡിൽ ഈസ്റ്റ് & ആഫ്രിക്ക സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ധ്വനിയുടെ അലാം നേടിയിരുന്നു. 15 നും 21 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ ഒട്ടേറെ ചിത്രങ്ങളോട് മത്സരിച്ചായിരുന്നു ഈ 16കാരിയുടെ വിജയം.

മികച്ച സംവിധായികയ്ക്ക് ചിൽഡ്രൻസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഇയർ ഓഫ് സെയ്ദ് അവാർഡ്, കൊച്ചു ടിവി അവാർഡ്, തരംഗം 2018 അവാര്‍ഡ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ പ്രതിഭാപുരസ്ക്കാരം, ഇലക്ട്രിസിറ്റിആൻഡ് വാട്ടർ അതോറിറ്റിയുടെ ചൈൽഡ് ആർട്ടിസ്റ്റ് അവാർഡ്, നവാഗത സംവിധായികക്കുള്ള മീഡിയ സിറ്റി അവാർഡ്, നിക്കോണിന്‍റെ ബെസ്റ്റ് ഫിലിം അവാർഡ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.

കടയ്ക്കൽ ഒരുമ കൂട്ടായ്‌മയുടെ ഓണം-പെരുന്നാൾ ആഘോഷത്തിൽ തമിഴ് ഇതിഹാസം ചിലപ്പതികാരത്തിലെ കണ്ണകി നാടകമാക്കി ആ രംഗത്തും കഴിവു തെളിയിച്ചു. അൽ അമീർ പ്രിൻസിപ്പൽ എസ്. ജെ. ജേക്കബിൻ്റെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് തൻ്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ധ്വനി പറയുന്നു.

A Malayalee student who broke the world record through short films

Next TV

Top Stories