അബുദബി: (gccnews.com) യുഎഇ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുക. അദ്ദേഹം യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയിലെ ബിഎപിഎസ് ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഫെബ്രുവരി 14 നാണ് ക്ഷേത്രം വിശ്വാസികൾക്കായി സമർപ്പിക്കുന്നത്. ഫെബ്രുവരി 18ന് ക്ഷേത്രം പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ക്ഷേത്രം. കഴിഞ്ഞ 8 മാസങ്ങൾക്കിടെ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത് ഇത് മൂന്നാം തവണയാണ്.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്. 2019 ഡിസംബറിൽ ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
ക്ഷേത്രസമർപ്പണ ചടങ്ങുകൾക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. എന്നാൽ ഫെബ്രുവരി 18 മുതൽ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനാകും.
ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉൾക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. വെള്ള മാർബിളിലും ചെങ്കൽ നിറത്തിലുള്ള മണൽക്കല്ലുകളിലുമാണ് ക്ഷേത്രത്തിന്റെ കൊത്തുപണികൾ തീർത്തിട്ടുളളത്.
ഇന്ത്യൻ വാസ്തു ശിൽപ്പകലയുടെ വേറിട്ട കാഴ്ചകളും ഇവിടെ കാണാനാകും. രാമായണവും മഹാഭാരതവുമെല്ലാം പരാമർശിക്കുന്ന കൊത്തുപണികൾക്കൊപ്പം അറബ് ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്.
#PrimeMinister #NarendraModi #all #set #visit #UAE