റിയാദ്: (gccnews.com) ഉംറ വിസയിൽ സൗദിയിലെത്തിയ മലപ്പുറം വേങ്ങര അരീക്കുളം സ്വദേശിനി പാത്തുമ്മു (63) സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിലുള്ള മകന്റെ വീട്ടിൽ ഹൃദയാഘാതം മൂലം നിര്യാതയായി.
യാംബുവിലെ 'മാത ജിപ്‌സം' കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മകൻ ടി. ഷറഫുദ്ദീന്റെ വസതിയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയാണ് ഇവർ നിര്യാതയായത്.
ഫെബ്രുവരി 14 ന് രണ്ടാമത്തെ മകൻ ജാഫർ ശരീഫ്, ഷറഫുദ്ധീന്റെ ഭാര്യ നസ്റീന, അവരുടെ മക്കൾ എന്നിവരോടൊപ്പം ഉംറ വിസയിൽ സൗദിയിൽ എത്തിയതായിരുന്നു.
ഉംറയും മദീന സന്ദർശനവുമെല്ലാം കുടുംബം ഒന്നിച്ച് നിർവഹിക്കുകയും ചെയ്തിരുന്നു. മെയ് 12 ന് നാട്ടിലേക്ക് തിരിച്ചു പോകാൻ വിമാന ടിക്കറ്റ് എടുത്ത് യാംബുവിൽ മകനോടൊപ്പം കഴിയുന്നതിനിടയിലാണ് മരണം.
പാത്തുമ്മുവിന്റെ മൂന്നാമത്തെ മകൻ ശംസുദ്ദീൻ നാട്ടിലാണുള്ളത്. ഭർത്താവ്: പരേതനായ തച്ചപ്പറമ്പൻ കുഞ്ഞാലൻ,
മരുമക്കൾ: നസ്റീന, ബുഷ്‌റ, സഹോദരങ്ങൾ: കുഞ്ഞീതുട്ടി, മൊയ്തീൻ കുട്ടി, അബ്ദുൽ കരീം, സൈനബ. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മരണാന്തര നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ മുസ്തഫ മൊറയൂർ, ശങ്കർ എളങ്കൂർ, നാസർ നടുവിൽ, എ.പി സാക്കിർ, അസ്‌കർ ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.
#Malayali #who #reached #Umrah #visa #died #due #hear attack