ദുബൈ: (gccnews.com) കേരള ഹയർസെക്കൻഡറി പ്ലസ്ടു പരീക്ഷയിൽ ഗൾഫിൽ 88.03 % വിജയം. 81 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി.
യു.എ.ഇയിലെ എട്ട് സ്‌കൂളുകളിൽ നിന്ന് 574 പേരാണ് കേരള ഹയർസെക്കൻഡറി പ്ലസ്ടു പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ 568 പേർ പരീക്ഷയെഴുതിയപ്പോൾ 500 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയം 88.03 ശതമാനം.
81 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി മികവ് കാട്ടി. 124 പേർ പരീക്ഷയെഴുതിയ അബൂദബി മോഡൽ സ്‌കൂളിൽ എല്ലാവരും പാസായി. 38 പേർ എല്ലാവിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി.
ഇവിടെ 125 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഒരാൾ പരീക്ഷക്ക് ഹാജരായില്ല. 43 പേർ പരീക്ഷയെഴുതിയ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ നൂറുമേനി വിജയം കൊയ്തു. ഇവിടെ ഒമ്പത് പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസുണ്ട്.
ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 109 പേരിൽ 108 പേർ പാസായി. 26 പേർ മുഴുവൻ എ പ്ലസ് നേടി വിജയിച്ചു. റാസൽഖൈമ ഇന്ത്യൻ സ്‌കൂളിൽ 62 പേരിൽ 50 പേർ വിജയം നേടി.
74 പേർ പരീക്ഷയെഴുതിയ ഉമ്മുൽഖുവൈൻ ദി ഇംഗ്ലീഷ് സ്‌കൂളിൽ 59 പേർ പാസായി. രണ്ടുപേർ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി.
ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ 50 പേരിൽ 45 പേർ വിജയിച്ചു. മൂന്ന് പേർ ഫുൾ എപ്ലസ് കരസ്ഥമാക്കി. 104 പേർ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ 68 പേർ പാസായി.
അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 23 പേരിൽ 19 പേർ പാസായി മൂന്ന് പേർ മുഴുവൻ എപ്ലസും കരസ്ഥമാക്കി.
#KeralaHigherSecondaryExamination #PlusTwo: #pass #Gulf