ജനീവ: (gccnews.com) സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു.
ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തുവെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഏപ്രിൽ 10നും 17നും ഇടയിലാണ് മിഡിൽ ഈസ്റ്റ് റെസ്‍പിറേറ്ററി സിൻഡ്രോം എന്ന് അറിയപ്പെടുന്ന മെർസ് രോഗത്തിന്റെ പുതിയ മൂന്ന് കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൗദി തലസ്ഥാനമായ റിയാദിലാണ് പുതിയ മെർസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും 56നും 60നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ്. മൂന്ന് പേർക്കും നേരത്തെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു.
അതേസമയം രോഗം സ്ഥിരീകരിച്ചവരിൽ ആരും ആരോഗ്യ പ്രവർത്തകർ അല്ലെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു. റിയാദിലെ ഒരു ആശുപത്രിയുമായി ബന്ധപ്പെട്ടാണ് രോഗ പകർച്ച ഉണ്ടായത്.
എന്നാൽ ആദ്യ രോഗിക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന് കണ്ടെത്താൻ അന്വേഷണങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആദ്യമായി രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിൽ വന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പുതിയ രണ്ട് കേസുകൾ കൂടി കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച മൂന്ന് പേരും സൗദി പൗരന്മാരാണ്. റിയാദിൽ താമസിക്കുന്ന 56 വയസുകാരനായ അധ്യാപകനാണ് മാർച്ച് 29ന് പനിയും ചുമയും ജലദോശവുമായി റിയാദിലെ ഒരു ആശുപത്രിയിലെത്തിയത്.
ഇയാളെ പിന്നീട് വാർഡിലേക്ക് മാറ്റുകയും ദിവസങ്ങൾക്ക് ശേഷം രോഗ ലക്ഷണങ്ങൾ ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോഴാണ് മെർസ് സ്ഥിരീകരിച്ചത്.
മറ്റ് നിരവധി രോഗങ്ങൾ കൂടി ഉണ്ടായിരുന്ന ഇദ്ദേഹം ഏപ്രിൽ ഏഴിന് മരണപ്പെട്ടു. രോഗി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിയപ്പോൾ അവിടെ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്കും പിന്നീട് വാർഡിലേക്ക് മാറ്റിയപ്പോൾ അടുത്ത ബെഡിലുണ്ടായിരുന്ന മറ്റൊരാൾക്കുമാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്.
ഇവരെ പരിചരിച്ച ആരോഗ്യ പ്രവർത്തകർക്കൊന്നും രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മെർസ് മനുഷ്യരിലേക്ക് ബാധിക്കുന്നത് ഒട്ടകങ്ങളിൽ നിന്നാണെങ്കിലും രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും ഒട്ടകങ്ങളുമായി നേരിട്ട് ബന്ധമില്ല.
അതുകൊണ്ടുതന്നെ ആദ്യ രോഗിക്ക് രോഗബാധ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. പുതിയ മൂന്ന് കേസുകളോടെ ഈ വർഷം സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മെർസ് കേസുകളുടെ എണ്ണം നാലായി.
നേരത്ത ജനുവരിയിൽ രോഗം സ്ഥിരീകരിച്ച 32 വയസുകാരന് ഇപ്പോഴത്തെ രോഗികളുമായി ബന്ധമൊന്നുമില്ല. തായിഫ് സ്വദേശിയായ ആ രോഗിക്ക് ഒട്ടകങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. ഫെബ്രുവരിയിലാണ് ഈ രോഗി മരിച്ചത്.
സൗദി അറേബ്യയില്‍ 2012ലാണ് ആദ്യ മെര്‍സ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 2,204 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 858 പേര്‍ മരണപ്പെട്ടു. നിലവിൽ 27 രാജ്യങ്ങളില്‍ മെര്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എല്ലാ രാജ്യങ്ങളിലും കൂടി ആകെ 2613 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 941 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ 84 ശതമാനവും മരണങ്ങളിൽ 91 ശതമാനവും സൗദി അറേബ്യയിലാണ്.
2019ന് ശേഷം മിഡിൽ ഈസ്റ്റിന് പുറത്തുള്ള രാജ്യങ്ങളിൽ പുതിയ മെർസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
#MERSCoronavirus #SaudiArabia; #Three #more #cases #confirmed #died