---
title: "#Hajjregulation | പിഴയും തടവും നാടുകടത്തലും; ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി "
english_title: "#Fines, #imprisonment #deportation; #Punishment #violating #Hajjregulations #started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/209620/fines-imprisonment-deportation-punishment-violating-hajjregulations-started"
published_at: "2024-06-03T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dc4aaa7256_fh.jpg"
keywords: []
---

# #Hajjregulation | പിഴയും തടവും നാടുകടത്തലും; ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി 

> **Lead Summary:** **റിയാദ്: [ ** ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട്​ മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ്​ അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക്​​ പിഴ ബാധകമാകുമെന്ന്​ പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി.

## Article Content

**റിയാദ്: [ ** ഹജ്ജ് വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കാൻ തുടങ്ങി. ജൂൺ രണ്ട്​ മുതൽ ജൂൺ 20 വ്യാഴാഴ്ച വരെ ഹജ്ജ്​ അനുമതി പത്രമില്ലാതെ പിടിക്കപ്പെടുന്നവർക്ക്​​ പിഴ ബാധകമാകുമെന്ന്​ പൊതു സുരക്ഷ വിഭാഗം വ്യക്തമാക്കി.

മക്ക, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ, സോർട്ടിങ്​ സെൻററുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർ ശിക്ഷ നടപടികൾക്ക്​ വിധേയമാകേണ്ടിവരും.

ഇവിടെങ്ങളിൽ വെച്ച്​ പിടിക്കപ്പെടുന്ന ഏതൊരു പൗരനും താമസക്കാരനും സന്ദർശകനും എതിരെ 10,000 റിയാൽ പിഴയുണ്ടാകും.

നിയമം ലംഘിക്കുന്നവർ താമസക്കാരാണെങ്കിൽ അവരെ നാടുകടത്തുകയും നിയമപരമായി നിർദ്ദിഷ്‌ട കാലയളവുകൾക്കനുസരിച്ച് സൗദിയിലേക്ക്​ പ്രവേശിക്കുന്നത് തടയുകയും ചെയ്യും.

ആവർത്തിച്ചുള്ള ലംഘനമുണ്ടായാൽ സാമ്പത്തിക പിഴ ഇരട്ടിയാകുമെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.

തീർഥാടകർക്ക് അവരുടെ കർമങ്ങൾ ആശ്വാസത്തോടും സമാധാനത്തോടെയും അനുഷ്ഠിക്കാൻ​ എല്ലാവരും ഹജ്ജിന്റെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും പൊതുസുരക്ഷ വിഭാഗം പറഞ്ഞു.

ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരെയും പെർമിറ്റ് ഇല്ലാത്തവരെയും മക്കയിലേക്കാൻ കടത്താൻ ശ്രമിക്കുന്നവർ പിടിക്കപ്പെട്ടാൽ ആറ്​ മാസം വരെ തടവും 50000 റിയാൽ വരെ പിഴയുണ്ടാകുമെന്ന്​ പൊതുസുരക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​.

കോടതി വിധി പ്രകാരം അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുകയും വിദേശിയാണെങ്കിൽ നിശ്ചിത കാലയളവ്​ സൗദിയിലേക്ക്​ പ്രവേശിക്കുന്നത്​ തടയുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/209620/fines-imprisonment-deportation-punishment-violating-hajjregulations-started)