കുവൈറ്റ് സിറ്റി:(gcc.truevisionnews.com) മംഗഫ് അഗ്നിബാധ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ജഹറ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് നടുവണ്ണൂർ തിരുവോട് സ്വദേശി ആശാരി കണ്ടി രജിത്തിനെ കുവൈറ്റ് കെ.എം.സി.സി.ജനറൽ സെക്രട്ടറി മുസ്തഫ കാരി, വൈസ് പ്രസിഡൻറ് ഇക്ബാൽ മാവിലാടം, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശക സമിതി വൈസ് ചെയർമാർ ബഷീർ ബാത്ത തുടങ്ങിയവർ സന്ദർശിച്ചു.
കോഴിക്കോട് നടുവണ്ണൂർ തിരുവോട് സ്വദേശികളായ ആശാരി കണ്ടി മീത്തൽ ദാമോദരൻ്റെയും രാധയുടെയും മകനാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട രജിത്ത്.
അതേ സമയം തീപിടുത്തത്തിന് കാരണം ഗാർഡ് റൂമിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ട് കാരണമാണെന്ന് കുവൈറ്റ് ഫയർഫോഴ്സ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അഗ്നിബാധയുണ്ടായത് തെക്കൻ കുവൈറ്റിലെ മംഗഫിൽ കമ്പനി ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ്. 49 ഇന്ത്യക്കാർ അഗ്നിബാധയിൽപ്പെട്ട് മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം.
ഇതിൽ 46 ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 3 പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ.അജിത് കോളശേരി വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട് മരിച്ചവരിൽ 25 മലയാളികൾ ഉണ്ടെന്നാണ് അനൗദ്യോഗികമായി പുറത്തു വരുന്ന വിവരം.
ഇതിൽ 23 മലയാളികളുടെയും മരണം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 2 പേരെക്കൂടി തിരിച്ചറിയാനുണ്ട്.
മൃതദേഹങ്ങൾ എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കുവൈറ്റിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റ 40 പേർ കുവൈറ്റിലെ പല ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്.
ചികിത്സയിൽ കഴിയുന്ന 9 പേരുടെ നില ഗുരുതരമായി തുടരുന്നു. മലയാളികളാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിലേറെയും.
അഗ്നിബാധയിൽ മരിച്ച 23 മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ 8.30 ന് കൊച്ചിയിലെത്തിക്കും. കൊച്ചിയിൽ 25ആംബുലൻസുകൾ സജ്ജീകരിച്ചതടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു.
മൃതദേഹങ്ങൾ എത്തിക്കഴിഞ്ഞാൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ആംബുലൻസുകളിൽ മരണമടഞ്ഞവരുടെ വീട്ടിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മന്ത്രി കൊച്ചി വിമാനത്താവളത്തിൽ തുടരുകയാന്ന്.
അതേ സമയം ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചതായി വിവരമുണ്ട്. കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നല്കാത്തതാണ് കാരണം.
കേന്ദ്ര മന്ത്രി കുവൈറ്റിലുണ്ടല്ലോ, ഓരോ സംസ്ഥാനത്തു നിന്നും പ്രത്യേകം പ്രതിനിധികൾ പോകേണ്ടതില്ലല്ലോയെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം.
അനുമതിയില്ല എന്നു മാത്രമാണ് രേഖാമൂലമുള്ള മറുപടിയിലുള്ളത്.
#Mangaf #Fire #Kuwait #KMCC #visited #native #Kozhikode #undergoing #treatment #Officers