ജിദ്ദ: (gccnews.in) ഹജ്ജ് തീർഥാടനത്തിനിടെ കൊടും ചൂടിൽ മരണപ്പെട്ടവരിൽ 13 മലയാളികളും.
തീർഥാടകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിനുമാണ് മന്ത്രി കത്ത് അയച്ചിരിക്കുന്നത്.
മരിച്ച തീർഥാടകരിൽ 68 പേർ ഇന്ത്യക്കാരാണെന്ന് സൗദി അറേബ്യയിലെ നയതന്ത്രജ്ഞ വിദഗ്ധർ അറിയിച്ചു. കൊടും ചൂടാണ് മക്കയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.
മക്കയിൽ തിങ്കളാഴ്ച 51.8 ഡിഗ്രി സെൽഷ്യസും ചൊവ്വാഴ്ച 47 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം 18,200 പേരാണ് കേരളത്തിൽ നിന്ന ഹജ്ജ് തീർഥാടനത്തിനായി സൗദിയിൽ എത്തിയത്, 'സൗദി അറേബ്യയിൽ തീർഥാടകർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായി റിപ്പോർട്ടുകളുണ്ട്.
വിവിധ മുതവ്വിഫുകൾ (ഹാജിമാരെ പരിപാലിക്കാൻ സൗദി സർക്കാർ നിയോഗിച്ച ഏജൻസിയുടെ പ്രതിനിധികൾ) പ്രവർത്തനങ്ങളിൽ അനാസ്ഥ കാണിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കത്തിൽ പറഞ്ഞു.
ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അസീസിയിലേക്കുള്ള തീർഥാടകർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി അബ്ദുറഹിമാൻ പറഞ്ഞു.
അസീസിയിലെത്തിയ തീർഥാടകർക്ക് മോശം താമസസൗകര്യമായിരുന്നു നൽകിയതെന്നും ഒരേ വിമാനത്തിൽ എത്തിയവരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ചതായി പരാതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാന ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി മിനയിലേക്ക് മടങ്ങുന്ന തീർഥാടകർക്ക് 15 മണിക്കൂർ കാത്തിരിപ്പിന് ശേഷമാണ് വാഹനം ലഭ്യമായത്. മിനായിൽ എത്തിയ പലർക്കും ടെന്റുകളോ മറ്റ് അഭയകേന്ദ്രങ്ങളോ ലഭ്യമായിരുന്നില്ല, ഭക്ഷണമോ വെള്ളമോ നൽകിയില്ല.
അറഫയിലേക്ക് പോകാൻ 17 മണിക്കൂർ വരെ റോഡിൽ കാത്തുനിൽക്കേണ്ടി വന്നെന്നും പലരും കല്ലെറിയാൻ വളരെ വൈകിയാണ് എത്തിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും പരാതിയുണ്ടെന്നും അടുത്ത വർഷം മുതൽ പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ സൗദി സർക്കാരുമായി ഉടൻ ആശയവിനിമയം നടത്തണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹജ്ജ് തീർഥാടനത്തിനിടെ ഇതുവരെ 922 പേർ ചൂടുകാരണം കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ.
മരിച്ചവരിൽ ഭൂരിഭാഗവും ഈജിപ്തിൽ നിന്നുള്ളവരാണ്, സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌ക് പരിസരത്തെ താപനില 51.8 ഡിഗ്രി സെൽഷ്യസായിരുന്നു.
രണ്ടായിരത്തോളം തീർഥാടകർക്ക് കടുത്ത ചൂടിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾക്ക് ചികിത്സ നൽകിയതായി സൗദി അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു.
#Extremeheat #saudi #dead #Hajjpilgrims #Malayalis