റിയാദ്: (gccnews.in) സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വേനൽ കടുക്കുമെന്നും കടുത്ത ചൂട് താങ്ങാൻ പറ്റാത്തതിനാൽ ഉച്ചക്ക് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്.
കിഴക്കൻ പ്രവിശ്യയിലും റിയാദ് നഗരത്തിലും മധ്യപ്രവിശ്യയിലും ഖസീം പ്രവിശ്യയിലും ചില ഭാഗങ്ങളിൽ താപനില ഗണ്യമായി ഉയരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ജിസാൻ, അസീർ, അൽ ബാഹ തുടങ്ങിയ തെക്കൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം മക്ക പ്രവിശ്യയിൽ പൊടിക്കാറ്റ് വീശും. കിഴക്കൻ പ്രവിശ്യയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ ഉച്ചസമയത്ത് പുറത്തിറങ്ങി നടക്കരുതെന്ന് ആരോഗ്യകാര്യ ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു.
ഉച്ചസമയത്ത് സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. ശാരീരികമായി പൊള്ളലടക്കം പരിക്കേൽക്കാൻ ഇടയാകും.
വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോൾ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കണം, അൾട്രാവയലറ്റ് രശ്മികളിൽനിന്ന് സംരക്ഷിക്കാൻ വാഹനത്തിൽ വിൻഡോ ഫിലിം ഒട്ടിക്കണം,
ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം, സൺഗ്ലാസ് ഉപയോഗിക്കണം, ഉച്ചക്കുള്ള ഡ്രൈവിങ് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളും ഡയറക്ടറേറ്റ് നൽകി.
#Saudi #summer #Temperatures #rise #some #parts #out #noon #Reep