---
title: " #denguefever | ഡെങ്കി മരണം;  ​പ്രവാസികളുടെ​ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി"
english_title: "#crisis #repatriating #bodies #expatriates #who #die #dengue #fever #acute."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214766/crisis-repatriating-bodies-expatriates-who-die-dengue-fever-acute"
published_at: "2024-06-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a56c28e3a9_kothu.jpg"
keywords: []
---

#  #denguefever | ഡെങ്കി മരണം;  ​പ്രവാസികളുടെ​ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി

> **Lead Summary:** ഡെങ്കിപ്പനി ബാധിച്ച്​ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി രൂക്ഷം. മൃതദേഹങ്ങൾ യു.എ.ഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക്​ കൊണ്ടുപോകാൻ തയാറാകാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം.

## Article Content

ഡെങ്കിപ്പനി ബാധിച്ച്​ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പ്രതിസന്ധി രൂക്ഷം. മൃതദേഹങ്ങൾ യു.എ.ഇയിൽ എംബാം ചെയ്യാത്തതിനാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ നാട്ടിലേക്ക്​ കൊണ്ടുപോകാൻ തയാറാകാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം.

യു.എ.ഇയിൽ നിന്ന്​ എംബാം ചെയ്യാത്ത മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്​ ദുബൈ വിമാന സർവിസ്​ കമ്പനിയായ എമിറേറ്റ്​സ്​ ​എയർലൈൻ മാത്രമാണ്​​.

എന്നാൽ, എമിറേറ്റ്​സ്​ എയർലൈൻസിന്​ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും മാത്രമാണ് നിലവിൽ​ സർവിസുള്ളത്​. തിരുവനന്തപുരത്തേക്ക്​ ദിവസവും രാവിലെ 9.30ന്​ പുറപ്പെടുന്ന ഒരു സർവിസും കൊച്ചിയിലേക്ക്​ പുലർച്ചയുള്ള രണ്ട്​ സർവിസുകളുമാണിത്​​.കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ എമിറേറ്റ്സിന്​ സർവിസില്ല.

ഇതുമൂലം കഴിഞ്ഞ ദിവസം ​ഡെങ്കിപ്പനി ബാധിച്ച്​ മരിച്ച കണ്ണൂ​ർ സ്വദേശിയായ 50കാരിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ച്​ അവിടെ നിന്ന്​ ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലാണ്​ കണ്ണൂരിലെത്തിച്ചത്​.

ഇത്​ പ്രവാസികളുടെ ബന്ധുക്കൾക്ക്​ മാനസികവും സാമ്പത്തികവുമായി വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്​. ഈ മാസം 21ന്​ മരിച്ച തിരുവനന്തപുരം സ്വദേശിയായ 30കാരൻ അജിതിന്‍റെ മൃതദേഹം മൂന്നു ദിവസം പിന്നിട്ട്​ ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകു​മെന്ന പ്രതീക്ഷയിലാണ്​​ ബന്ധുക്കൾ​.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുത്തതോടെ തിങ്കളാഴ്ച രാവിലെ 9.30ന്​ ഉണ്ടായിരുന്ന എമിറേറ്റ്​സ്​ സർവിസിൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. അതോടെയാണ്​ ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടിവന്നത്​.

ആറു​മാസം മുമ്പ് കേന്ദ്ര സർക്കാർ​ കൊണ്ടുവന്ന നിയമത്തെ തുടർന്ന്​ എംബാം ചെയ്ത മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും പ്രതിസന്ധി തുടരുകയാണ്.​ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനു മുമ്പ്​ എംബാമിങ്​ ചെയ്ത സർട്ടിഫിക്കറ്റ്​ ഏത്​ എയർലൈൻസിലാണോ നാട്ടിലേക്ക്​ കൊണ്ടുപോകുന്നത്​ ആ എയർലൈൻസിന്‍റെ നാട്ടിലെ ഓഫിസിലേക്ക്​ അയക്കണം.

ഇവർ ഇത്​ ഡൽഹിയിലെ ഓഫിസിലേക്ക്​​ അയച്ച് ഇവിടെ നിന്ന്​ അനുമതി നൽകിയാൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ കഴിയൂ. ഡൽഹിയിൽ നിന്ന്​ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നുണ്ടെന്നാണ്​ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്​.

എംബാമിങ്ങിന്​ നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയമെടുക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്​. ഇത്​ പരിഹരിക്കാൻ കേന്ദ്ര സർക്കാറിന്​ പലതവണ അപേക്ഷ നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214766/crisis-repatriating-bodies-expatriates-who-die-dengue-fever-acute)