അബൂദബി: (gccnews.in) നായ്ക്കളിൽ വിജയകരമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി യു.എ.ഇയിലെ വെറ്ററിനറി സർജൻമാർ.
മിഡിലീസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം. അബൂദബി ബ്രിട്ടീഷ് വെറ്ററിനറി സെന്ററിലാണ് മൂന്ന് നായ്ക്കളുടെ ഹൃദയവാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഫ്‌ലോറിഡ യൂനിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ പ്രഫസർ കറ്റ്‌സൂരിയോ മറ്റ്‌സൂറ, അബൂദബി ബ്രിട്ടീഷ് വെറ്ററിനറി ക്ലിനിക്കിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ബോട്ട് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് വിദഗ്ധസംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യമാണ് നായ്ക്കളിൽ ഇത്തരമൊരു ഹൃദയ ശസ്ത്രക്രിയ വിജയിപ്പിക്കുന്നത്.
നേരത്തേ ജപ്പാൻ, യു.കെ, ഫ്രാൻസ്, യു.എസ്. എന്നിവിടങ്ങളിൽ നായ്ക്കളിൽ ഹൃദയശസ്ത്രക്രിയ വിജയിച്ചിട്ടുണ്ട്.
ഹൃദയവാൽവ് തകരാറിലാകുന്ന അസുഖം നായ്ക്കളിൽ സാധാരണയാണെങ്കിലും പത്ത് ശതമാനം നായ്ക്കളെ മാത്രമേ ഉടമകൾ ചികിൽസക്കായി ഡോക്ടർമാർക്കിടയിൽ എത്തിക്കാറുള്ളു.
ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായി നായ്ക്കൾ പൊടുന്നനെ ചത്തുപോകുന്നത് പതിവാണ്. ശസ്ത്രക്രിയക്ക് വിധേയമായ മൂന്ന് നായ്ക്കളും പൂർണആരോഗ്യത്തിലേക്ക് മടങ്ങിയതായും ഡോക്ടർമാർ പറഞ്ഞു.
യു.എ.ഇയുടെ വെറ്ററിനറി മേഖലയിൽ ഈ ശസ്ത്രക്രിയയുടെ വിജയം ചരിത്രനേട്ടമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
#Heartsurgery #dogs #successfully #completed #UAE