അബുദാബി: (gccnews.in) ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറൻസികളിൽ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാർഡുകൾ ഉടൻ ബാങ്കുകൾ വഴി ജനങ്ങളിലെത്തും.
പ്രചാരത്തിലുള്ള ഒരു കോടി ഡെബിറ്റ് കാർഡുകൾക്കു പകരമായി അടുത്ത രണ്ടര വർഷത്തിനകം ജയ്‌വാൻ കാർഡുകൾ ജനങ്ങളിലെത്തിക്കാനാണ് പദ്ധതി.
ഇന്ത്യയുടെ റൂപേ കാർഡ് ആണ് ജയ്‌വാൻ കാർഡുകൾക്കു സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജയ്‌വാൻ യാഥാർഥ്യമാകുന്നതോടെ യുഎഇക്കു സ്വന്തം ഡെബിറ്റ് കാർഡായി മാറും.
നിലവിൽ രാജ്യാന്തര കമ്പനികളായ വീസയും മാസ്റ്ററുമാണ് യുഎഇ ബാങ്കുകൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്. ഇന്ത്യയിൽ റൂപേ പോലെ യുഎഇയിൽ ജയ്‌വാൻ കാർഡുകൾ പ്രചാരത്തിലെത്തും.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശന വേളയിൽ ആദ്യ ജയ്‌വാൻ കാർഡ് പുറത്തിറക്കിയിരുന്നു.
ഇന്ത്യൻ പേയ്മെന്റ് സാങ്കേതിക സംവിധാനത്തിൽ ഒരുക്കിയ ജയ്‌വാൻ കാർഡിന്റെ ആദ്യ ഉടമ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരുന്നു.
ജയ്‌വാൻ ഡെബിറ്റ് കാർഡ് സ്വീകരിക്കാനും പണം പിൻവലിക്കാനും എടിഎം ശൃംഖല സജ്ജമാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് യുഎഇ ബാങ്കുകളിൽ ഇപ്പോൾ ഒരുക്കുന്നത്.
ആദ്യഘട്ടത്തിൽ അജ്മാൻ ബാങ്ക് നടപടികൾ വിജയകരമായി പൂർത്തിയാക്കി. യുഎഇ സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെന്റ്സ് എടിഎമ്മുകൾ, പോയിന്റ് ഓഫ് സെയിൽ, ഇ-കൊമേഴ്‌സ് ഉൾപ്പെടെ എല്ലാ പേയ്‌മെന്റ് ചാനലുകളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ജയ്‌വാൻ കാർഡ് വികസിപ്പിക്കുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രവാസികൾക്ക് ജയ്‍വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും യുഎഇയിലും വിനിമയം നടത്താം.
യുഎഇ നിവാസികൾക്ക് തുടക്കത്തിൽ പ്രാദേശികമായും പിന്നീട് ജിസിസിയിലും മറ്റ് വിദേശ വിപണികളിലും പണം പിൻവലിക്കുന്നതിനും സാധനങ്ങൾ വാങ്ങാനും മറ്റും കാർഡ് ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും.
പ്രാദേശിക കറൻസിയിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഗുണകരമാകുമെന്ന് അൽ ഇത്തിഹാദ് പേയ്‌മെന്റ് സിഇഒ ജാൻ പിൽബൗർ പറഞ്ഞു.
#Single #DebitCard #India a#UAE #reach #people #soon #banks