യുഎഇ: അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. താപനില 50 ഡിഗ്രിയും കടന്നിരിക്കുകയാണ്. അല്‍ ഐനിലെ ഉമ്മുഅസിമുല്‍ എന്ന സ്ഥലത്താണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് താപനില 50.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഈ മാസം 21ന് അൽദഫ്ര മേഖലയിലെ മെസൈറയിൽ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വളരെ നേരത്തെയാണ് ചൂട് ശക്തമായത്. കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിലെത്തിയത്. എന്നാൽ ഇത്തവണ ജൂലൈയ്ക്ക് മുമ്പ് തന്നെ ചൂട് ഉയര്‍ന്നിരിക്കുകയാണ്.
ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് ഏറ്റവും ശക്തമായ ചൂട് സാധാരണയായി അനുഭവപ്പെടാറുള്ളത്. കനത്ത ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
വെയിലത്ത് ഏറെ നേരം നിൽക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികൾക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ച 12.30 മുതൽ 3.00 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 11നും വൈകിട്ട് 4നും ഇടയ്ക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന രീതിയില്‍ പുറത്തിറങ്ങുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങുകയാണെങ്കിൽ കുട കരുതണം. ധാരാളം വെള്ളം കുടിക്കുകയും വേണം.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഈ ആഴ്ചയിൽ തന്നെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഓൺലൈൻ കാലാവസ്ഥ മാപ്പ് വ്യക്തമാക്കുന്നുണ്ട്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അൽഐനിലും ശനി, ഞായർ ദിവസങ്ങളിൽ ഫുജൈറയിലും മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയുടെ ഉൾപ്രദേശങ്ങളായ റസീൻ, അൽ ക്വാഅ എന്നിവിടങ്ങളിലും ഇടിയോടുകൂടിയ മഴയുണ്ടാകും.
#uae #temperatures #crossed #50 #degree #celsius