ഷാർജ : (gcc.truevisionnews.com) സൈബർ കുറ്റകൃത്യത്തിലൂടെ സ്വദേശി വനിതയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത 3 ലക്ഷം ദിർഹം (68 ലക്ഷം രൂപ) ഷാർജ പൊലീസ് വീണ്ടെടുത്തു നൽകി.
പരാതി ലഭിച്ച ഉടൻ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും തുക വീണ്ടെടുത്തു നൽകാനും നിർദേശം നൽകുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടർ ബ്രിഗേഡിയർ ഒമർ അഹ്മദ് അബു അൽ സൂദ് പറഞ്ഞു.
ബാങ്കിന്റേതിന് സമാനമായ വെബ്സൈറ്റ് നിർമിച്ച് ഇടപാടുകാർക്ക് ലിങ്ക് അയയ്ക്കുകയാണ് തട്ടിപ്പുകാർ ചെയ്തത്.
ഈ ലിങ്ക് തുറന്ന് ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യ കോഡും നൽകി അക്കൗണ്ടിലേക്കു പ്രവേശിക്കാൻ ശ്രമിക്കവെ ഈ വിവരങ്ങൾ മനസ്സിലാക്കി അതുപയോഗിച്ച് യഥാർഥ അക്കൗണ്ടിൽ പ്രവേശിച്ച് പണം തട്ടുകയായിരുന്നു സൈബർ മോഷ്ടാക്കളുടെ രീതി.
സംശയാസ്പദമായ ഇമെയിൽ, എസ്എംഎസ് സന്ദേശങ്ങളോട് പ്രതികരിക്കരുത്. വ്യാജ വെബ്സൈറ്റിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് അദ്ദേഹം പറഞ്ഞു.
കംപ്യൂട്ടറും സ്മാർട്ട് ഫോണും സമയബന്ധിതമായി സോഫ്റ്റ്‍വെയറുകൾ അപ്ഡേറ്റ് ചെയ്തു സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.
#68 #lakh #rupees #stolen #from #woman #through #fake #website #Sharjah #Police #quickly #intervened