ദുബായ്: (gccnews.in) 2040ഓടെ ദുബായിലെ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയിലേറെയാക്കി പൊതുഗതാഗത സേവനം ശക്തമാക്കാൻ പദ്ധതി.
ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായുടെ ഒന്നാം ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന് എക്സിക്യൂട്ടിവ് കൗൺസിലിലാണ് തീരുമാനം.
നിലവിൽ റെഡ്, ഗ്രീൻ ലൈനുകളിലായി 55 മെട്രോ സ്റ്റേഷനുകളും 11 ട്രാം സ്റ്റേഷനുകളുമാണ് ഉള്ളത്. 2030ഓടെ ഇത് 96 ആയും 2040ഓടെ 140 ആയും ഉയർത്തും.
ദുബായിയുടെ ഏറ്റവും പുതിയ വികസന പദ്ധതിയായ 20 മിനിറ്റ് സിറ്റിയിലേക്കും മെട്രോ നീട്ടും. പൊതുഗതാഗത സേവനം 45% വർധിപ്പിക്കും. പ്രകൃതിസൗഹൃദ യാത്രയൊരുക്കി കാർബൺ മലിനീകരണം കുറയ്ക്കും.
തണൽ വിരിച്ച നടപ്പാത വ്യാപകമാക്കി നടത്തവും പ്രോത്സാഹിപ്പിക്കും. 30 കി.മീ നീളത്തിൽ 14 സ്റ്റേഷനുകളുള്ള മെട്രോ ബ്ലൂ ലൈനിന്റെ നിർമാണം ഈ വർഷം ആരംഭിക്കും.
1800 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന നീലപ്പാത പകുതിയിലധികം ഭൂമിക്കടിയിലൂടെയാകും കടന്നുപോകുകയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
കഴിഞ്ഞ വർഷം 70.2 കോടി യാത്രക്കാരാണ് പൊതുഗതാഗത സേവനം ഉപയോഗിച്ചത്. 2022നെക്കാൾ 13% വർധന.
ബർദുബായ്, ദെയ്റ, ഡൗൺടൗൺ, ബിസിനസ് ബേ, സിലിക്കൺ ഒയാസിസ്, ദുബായ് മറീന, ജെബിആർ, എക്സ്പൊ സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈനിന്റെ നിർമാണം 2029ൽ പൂർത്തിയാകും.
#dubai #strengthen #public #transport #service