അബുദാബി :(gccnews.in)യുഎഇയിൽ ഡെങ്കിപ്പനി തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. വൈറസ് വാഹകരായ കൊതുകുകൾ പടരാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും ആവശ്യപ്പെട്ടു.
രോഗബാധ ഉണ്ടായാൽ ചികിത്സ തേടണമെന്നും പറഞ്ഞു.വ്യാവസായിക, നിർമാണ കേന്ദ്രങ്ങളിലും പാർപ്പിട മേഖലകളിലും കൊതുകു ശല്യവും ഡെങ്കിപ്പനിയും ഫലപ്രദമായി തടയുന്നതിന് സമഗ്ര തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം.
വെള്ളം കെട്ടിക്കിടക്കുന്നത് തടയുന്നതോടൊപ്പം മലിനജല ചാലുകൾ പരിശോധിച്ച് തടസ്സമില്ലാതെ വെള്ളം ഒഴുകിപ്പോകുന്നെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അംഗീകൃത കീടനാശിനികൾ പ്രയോഗിച്ച് കൊതുക് പെരുകുന്നത് നിയന്ത്രിക്കുക, വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ കുഴികൾ അടയ്ക്കുക, കൊതുകു കടി ഏൽക്കാതിരിക്കാൻ ശരീരം മറയും വിധമുള്ള വസ്ത്രം ധരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
ഡെങ്കിപ്പനി പരത്തുന്ന കൊതുക് പകൽ സമയങ്ങളിലും സജീവമാണെന്നും പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
വീടിനകത്തു വച്ച ചെടികളിലെ വെള്ളം ആഴ്ചതോറും മാറ്റുക, വാട്ടർ ടാങ്കുകൾ ഇടയ്ക്കിടെ വൃത്തിയാക്കുക, കീടങ്ങളെ അകറ്റുന്ന ക്രീമുകൾ വീടിനകത്തും പുറത്തും ഉപയോഗിക്കുക, അടുക്കള, കുളിമുറി എന്നിവിടങ്ങളിൽ ശുചിത്വം പാലിക്കുക, കൊതുകുകൾ അകത്തേക്കു കടക്കാത്തവിധം ജനൽ, ബാൽക്കണി, വാതിലുകൾ എന്നിവിടങ്ങളിൽ കൊതുകുവല സ്ഥാപിക്കുക,
വിദേശത്തുനിന്ന് ചെടികളും മറ്റും കൊണ്ടുവരുന്നത് ഒഴിവാക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
#ministry #health #issues #guidelines #prevent #dengue #fever #uae