അബുദാബി :(gccnews.com)ഗൾഫിൽ ഈന്തപ്പഴ വിളവെടുപ്പ് തുടങ്ങി. കൊടും ചൂടിലാണ് ഈന്തപ്പഴം പഴുത്ത് പാകമാകുന്നത്. ചുവപ്പ്, കടും ചുവപ്പ്, മഞ്ഞ, ഇളം മഞ്ഞ നിറങ്ങളിലുള്ള ഈന്തപ്പഴങ്ങൾ വിളഞ്ഞുനിൽക്കുന്നത് കാണുന്നതും അവ കഴിക്കുന്നതും മധുരതരമാണ്.
ഈ മനോഹര കാഴ്ച കാണാനായി കൊടും ചൂടിലും ഫാം സന്ദർശിക്കുന്നവർ ഒട്ടേറെയുണ്ട്.
പ്രാദേശിക കൃഷിത്തോട്ടങ്ങളിൽ നിന്നുള്ള ഈന്തപ്പഴങ്ങൾ ഇന്നലെ വിപണിയിൽ എത്തിത്തുടങ്ങിയതോടെ വില കുറഞ്ഞിട്ടുണ്ട്. അതിന് മുൻപ് ഒമാനിൽ നിന്നുള്ള ഖലാസ്, ഖനീസി എന്നീ ഫ്രഷ് ഈന്തപ്പഴങ്ങളാണ് യുഎഇ വിപണി കീഴടക്കിയിരുന്നത്.
ആഴ്ചകൾക്ക് മുൻപ് വിപണിയിൽ എത്തിയിരുന്ന ഇവയ്ക്ക് നാലിരട്ടി വിലയായിരുന്നെങ്കിലും കച്ചവടം ഉഷാറായിരുന്നു. അസ്സൽ ഈന്തപ്പഴത്തിന്റെ രുചി നുകരാൻ എത്തുന്നവരിൽ സ്വദേശികളും വിദേശികളുമുണ്ട്.
ദുബായിൽ നിന്നുള്ള നഗാൽ, മിനഫി, അൽഐനിൽ നിന്നുള്ള ഖനീസി, നഈമി എന്നീ ഇനങ്ങളാണ് ഇപ്പോൾ വിവിധ വിപണിയിൽ എത്തിയിരിക്കുന്നത്.
അൽഐനിനു പുറമെ ലിവ, അവീർ, ഖവാനീജ് എന്നിവിടങ്ങളിലെ ഫാമിൽ നിന്നുള്ള പഴുത്ത ഈന്തപ്പഴങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ വില കിലോയ്ക്ക് 15–20 ദിർഹം വരെയായി കുറഞ്ഞു.
നേരത്തേ 80 ദിർഹത്തിനു വരെയായിരുന്നു ഈന്തപ്പഴ വിൽപന. അടുത്തയാഴ്ച കൂടുതൽ ഇനങ്ങൾ എത്തുന്നതോടെ വില ഇനിയും കുറയുമെന്നാണ് കച്ചവടക്കാർ സൂചിപ്പിച്ചത്.
പഴുക്കാറായ ഈന്തപ്പഴമാണ് റുത്താബ് എന്ന് അറിയപ്പെടുന്നത്. പ്രത്യേക രുചിയുള്ള ഇവ എത്ര തിന്നാലും മടുപ്പ് വരില്ല. വൈറ്റമിൻസ്, മിനറൽസ്, അമിനോ ആസിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവയുടെ കലവറയായതിനാൽ ദൈനംദിന ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നവരും ഏറെയുണ്ട്.
ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് അസ്സൽ ഈന്തപ്പഴങ്ങളുടെ വിപണി. ശേഷിക്കുന്നവ സെപ്റ്റംബറോടെ സംസ്കരിച്ച് സൂക്ഷിക്കും. അടുത്ത സീസൺ വരുന്നതുവരെ ആവശ്യം അനുസരിച്ച് ഇവ വിപണിയിൽ എത്തിക്കും.
മദീനയിൽ നിന്നുള്ള അജ്‍വ, മജ്ദൂൽ, സഫാവി, സഗായി, മബ്റൂം, മഷ്റൂക്, ആമ്പർ, സുക്കരി, ഖദറി, കൽമി, സല്ലജ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം ഇനം ഈന്തപ്പഴം വിപണിയിൽ ലഭ്യമാണ്.
10 മുതൽ 200 ദിർഹം വരെ വിലയുള്ള ഈന്തപ്പഴങ്ങളും ലഭിക്കും.
#date #harvesting #season #begins #gulf