റിയാദ്: (gccnews.in) എല്ലാ വർഷവും നവംബർ 24 ലോക സയാമിസ് ദിനമായി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു.
ബഹ്‌റൈൻ, മൊറോക്കോ, ഖത്തർ, യമൻ എന്നി രാജ്യങ്ങളുടെ സഹകരണത്തോടെ സൗദി അറേബ്യ മുൻകൈ എടുത്താണ് ഇങ്ങനെയൊരു ദിനം ആചരിക്കാനുള്ള തീരുമാനമെടുപ്പിച്ചത്.
ജന്മനാ ശരീരഭാഗങ്ങൾ ഒട്ടിപ്പിടിച്ച് കഴിയുന്ന സയാമീസ് ഇരട്ടകളെ കുറിച്ച് ബോധവത്കരണം നടത്താനാണ് ഇങ്ങനെയാരു ദിനമെന്ന് ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം സൗദി പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസൽ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു.
"സുസ്ഥിരവികസന ലക്ഷ്യങ്ങളിലൂടെ എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുമെന്ന് അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞയെടുത്തിരിക്കുന്നു.
അതിനാൽ സയാമീസ് ഇരട്ടകൾക്ക് ഏറ്റവും മികച്ച ആരോഗ്യവും ക്ഷേമവും മനുഷ്യാവകാശങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.
സൗദി ഭരണകൂടം മനുഷ്യന്റെ ആരോഗ്യത്തിന് വലിയ പരിഗണനയാണ് നൽകുന്നത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന കാര്യത്തിൽ സൗദി അറേബ്യ വളരെ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും" അൽ വാസൽ പറഞ്ഞു.
സയാമീസ് ലോകദിന പ്രമേയം തയ്യാറാക്കുന്നതിലും ചർച്ച ചെയ്യുന്നതിലും പിന്തുണ നൽകിയ യു.എൻ ചിൽഡ്രൻസ് ഫണ്ട്, ലോകരോഗ്യസംഘടനാ പ്രതിനിധികൾ എന്നിവരോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
സൗദി മുൻകൈയ്യെടുത്ത സംരംഭമാണ് സയാമീസ് ലോക ദിനചരണ തീരുമാനമെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.
സയാമീസ് ഇരട്ടകളെ വേർപെടുത്തേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു പുതിയ ജീവിതത്തിനായി പ്രത്യാശ നൽകുന്നതിനുമുള്ള വാർഷിക അവസരമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
രോഗങ്ങളിൽ നിന്നും ജന്മനായുള്ള വൈകല്യങ്ങളിൽ നിന്നും അകന്ന് നല്ല ആരോഗ്യവും ശാരീരിക സുരക്ഷയും ആസ്വദിക്കുന്ന ഭാവി തലമുറകളെ വളർത്തിയെടുക്കുന്നതിന് ഈ ദിനാചരണം സഹായിക്കും.
സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനോടുള്ള ഭരണകൂട താൽപര്യമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നും അൽറബീഅ കൂട്ടിച്ചേർത്തു.
1990 ലാണ് സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള പ്രോഗ്രാം സൗദി ആരംഭിച്ചത്. അത് അന്താരാഷ്‌ട്ര അംഗീകാരവും വലിയ വിജയങ്ങളും ഇതിനകം നേടികഴിഞ്ഞു.
33 വർഷത്തിനിടയിൽ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് 61 സയാമീസുകളെ റിയാദിലെത്തിച്ച് വിജയകരമായ ശസ്ത്രക്രിയകൾ നടത്തി. 26 രാജ്യങ്ങളിൽ നിന്നുള്ള 139 കേസുകൾ ഇതിനകം പഠിച്ചുകഴിഞ്ഞു.
അതിൽനിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേർപ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബർ 24.
അത് 1689 ലായിരുന്നു. 10 ദിവസം തുടർച്ചയായാണ് ഈ ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#November #henceforth #WorldSiameseDay #decision #UnitedNations #initiative #SaudiArabia