മസ്കത്ത്: (gccnews.in) ഒമാൻ അസംസ്കൃത എണ്ണ വില ഉയർന്ന് ബാരലിന് 87.49 ഡോളറിലെത്തി. വെള്ളിയാഴ്ച 83സെന്റാണ് (.83 ഡോളർ) കൂടിയത്.
വ്യാഴാഴ്ച എണ്ണ വില 86.66 ഡോളറായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒമാൻ എണ്ണ വില മുകളിലോട്ടാണ്. ബാരലിന് 90 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ഡിമാന്റ് വർധിക്കുന്നതും ഒപെക് അംഗരാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാത്തതുമാണ് എണ്ണ വില ഉയരാൻ പ്രധാന കാരണം.
ഒമാൻ എണ്ണ വില ബാരലിന് 100 ഡോളറിലെത്തുന്നതുവരെ ഒപെക് അംഗരാജ്യങ്ങൾ വെട്ടിക്കുറച്ച് ഉൽപാദനം വർധിപ്പിക്കാൻ സാധ്യതയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആഗോള മാർക്കറ്റിൽ എണ്ണയുടെ ഡിമാന്റ് ഈ ആഴ്ച വർധിച്ചു.
കഴിഞ്ഞ നാല് ആഴ്ചയായി എണ്ണയുടെ ഡിമാന്റ് ഉയർന്നുവരുകയാണ്. ഒപെക് അംഗരാജ്യങ്ങളും റഷ്യയും എണ്ണ കയറ്റുമതി കുറച്ചതാണ് ഇതിനുകാരണം. ഇതോടെ മാർക്കറ്റിൽ ആവശ്യത്തിനൊത്ത രീതിയിൽ എണ്ണ ലഭ്യമല്ല.
ഇതാണ് എണ്ണ വില വർധിക്കാൻ പ്രധാന കാരണം. കൂടാതെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതും മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന സംഘർഷങ്ങളും എണ്ണ വില വർധിക്കാൻ പ്രധാന കാരണമാണ്.
മധ്യ പൗരസ്ത്യ മേഖലയിലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധവും അനുബന്ധ സംഭവങ്ങളും മേഖലയിൽ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ഇതും എണ്ണ വില ഉയരാൻ കാരണമായി. അമേരിക്കയിലെ ഉയർന്ന ഡ്രൈവിങ് സീസൺ ആരംഭിച്ചതും എണ്ണയുടെ ആവശ്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
വേനൽ അവധിക്കാലത്ത് 71 ദശലക്ഷം അമേരിക്കക്കാരെങ്കിലും അവധി യാത്രകൾ നടത്തുമെന്ന് നേരത്തേ ട്രാവൽ ഏജന്റ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ജൂലൈയിലെ നാലാം വാരാന്ത്യത്തിലാണ് ഇവരിൽ അധികവും വേനൽ യാത്രകൾ നടത്തുക.
ഇത് കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാൾ കൂടുതലാണ്. ദൂരെ ദിക്കിൽനിന്ന് ഓൺലൈനിൽ ജോലി ചെയ്യാൻ കഴിയുന്നതും വേനൽകാല അവധിയാത്രകൾ നടത്താൻ കാരണമായിട്ടുണ്ട്. 2019 നെക്കാൾ 5.7 ദശലക്ഷം യാത്രക്കാർ കൂടുതലാണ് ഈ വർഷം അവധിക്കാല യാത്രകൾ നടത്തുന്നത്.
ഇവരിൽ ഭൂരിഭാഗവും വാഹനങ്ങളിൽ യാത്ര ചെയ്യുന്നതും എണ്ണയുടെ ഉപഭോഗം വർധിക്കാൻ കാരണമാക്കി. ഇവരിൽ 60 ദശലക്ഷം പേരെങ്കിലും വാഹനങ്ങളിൽ യാത്ര ചെയ്യും. ഇത് എണ്ണ വില വർധിക്കാനുള്ള നേരിട്ടുള്ള കാരണമാണ്.
എണ്ണ ഉൽപാദനം കുറച്ചതിനൊപ്പം മധ്യ പൗരസ്ത്യ ദേശത്തുള്ള കൊടും ചൂട് കാലാവസ്ഥയും ഇറാഖ് അടക്കമുള്ള രാജ്യങ്ങളുടെ എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.
പ്രധാന എണ്ണ ഉൽപാദന രാജ്യമായ നൈജീരിയയിൽ എണ്ണ പൈപ് ലൈനുകളിൽനിന്ന് എണ്ണ മോഷണം നടക്കുന്നത് ഈ മേഖലയിൽ നിക്ഷേപം കുറക്കാൻ കാരണമായിട്ടുണ്ട്. ഇത്തരം നിരവധി കാണങ്ങളാൽ ഒമാൻ എണ്ണവിലയും ബാരലിന് 90 ഡോളറിലെത്താനുള്ള സാധ്യതയാണ് കാണിക്കുന്നത്.
എന്നാൽ, എണ്ണ വില ബാരലിന് 100 ഡോളർ കടക്കുന്നതോടെ ഒപെക് അംഗരാജ്യങ്ങൾ എണ്ണ കയറ്റുമതി വർധിപ്പിക്കാനാണ് സാധ്യത. അതിനാൽ എണ്ണ വില ബരലിന് 100 ഡോളർ കടക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
#Oilprice #rises #Oman #per #barrel