ദുബായ് :(gcc.truevisionnews.com)ദുബായ് നിവാസികൾക്കും സന്ദർശകർക്കും പുത്തൻ കാഴ്ചകളും വേറിട്ട അനുഭവങ്ങളും സമ്മാനിക്കുന്ന പൊതുബീച്ച് ജബൽഅലിയിൽ നിർമിക്കുന്നു.
വിസ്മയ കാഴ്ചകൾക്കൊപ്പം നീന്താനും മുങ്ങാംകുഴി ഇടാനുമെല്ലാം പ്രത്യേക ഇടമൊരുക്കുന്നതാണ് ജബൽഅലി ബീച്ച് വികസന പദ്ധതി.പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ടാണ് നിർമാണം.
330 ഹെക്ടർ വിസ്തൃതിയിൽ 6.6 കിലോമീറ്റർ നീളത്തിലുള്ള ജബൽഅലി ബീച്ച് ദുബായിലെ ഏറ്റവും വലിയ പൊതു ഓപ്പൺ ബീച്ചായിരിക്കും.
പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ലോകത്തിലെ ഏറ്റവും മികച്ച പൊതു ബീച്ച് ദുബായിൽ സജ്ജമാക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
നീന്താൻ 2 കി.മീ. നീളത്തിലുള്ള തുറന്ന ബീച്ച്, 2.5 കി.മീ. ഡൈവിങ് സ്‌പോർട്‌സ് ഏരിയ, കാഴ്ചകൾ കാണാൻ ഉയരത്തിലുള്ള നടപ്പാത, എല്ലാ പ്രായത്തിലുമുള്ളവർക്കായി വ്യത്യസ്ത വിനോദ, സേവന മേഖലകൾ തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ അടങ്ങിയതാണ് വൃത്താകൃതിയിലുള്ള പദ്ധതി.
1000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 80 സൈക്കിൾ റാക്കുകൾ, സൈക്കിൾ ട്രാക്ക്, 5 കി.മീ. റണ്ണിങ് ട്രാക്ക് എന്നിവയും ഇതോടനുബന്ധിച്ച് സജ്ജമാക്കും.
എമിറേറ്റിലെ പൊതു ബീച്ചുകൾ വികസിപ്പിക്കുന്നതിനുള്ള വിശാലമായ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ജബൽ അലി ബീച്ച് വികസന പദ്ധതി. ദുബായിൽ മൊത്തം ബീച്ചുകളുടെ നീളം 400% വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഇതിൽ പുതിയ പൊതു ബീച്ചുകൾ നിർമിക്കുന്നതിനൊപ്പം നിലവിലുള്ള ബീച്ചുകൾ വികസിപ്പിക്കുകയും ചെയ്യും. അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിച്ച് നഗരത്തിലെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിനോദ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ബീച്ചിനു പുറമെ ദുബായ് മുനിസിപ്പാലിറ്റി വികസിപ്പിക്കുന്ന 1.6 കി.മീ. കണ്ടൽക്കാടും പദ്ധതിയിൽ ഉൾപ്പെടും. കണ്ടൽ മരങ്ങളുടെ സാന്നിധ്യം വന്യജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥയും ഒരുങ്ങും.
#sheikh #hamdan #unveils #jebel #ali #open #beach #project #dubai