മസ്കത്ത്: (gcc.truevisionnews.com) ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഉംറയാത്രക്ക് ആരംഭിക്കുന്നതിന് അതത് ഗവർണറേറ്റുകൾക്കുള്ളിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്സിനുകൾ സ്വീകരിക്കാം.
മെനിംഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള ഒരു ഡോസ് വാക്സിൻ അഞ്ച് വർഷം വരെ പ്രതിരോധശേഷി നൽകും.മുമ്പ് ഇതിനെതിരെ വാക്സിൻ എടുത്തവർക്ക് കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ വീണ്ടും സ്വീകരിക്കേണ്ട.
എന്നാൽ ഇതിനു തെളവ് ഹാജരാക്കണം. ഇതിനു പുറമെ സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുക്കണം. യാത്രയിലും തീർഥാടനത്തിലും നേരിട്ടേക്കാവുന്ന വിവിധ ഇൻഫ്ലുവൻസകൾക്കെതിരായ പ്രതിരോധശേഷി വർധിപ്പിക്കും.
യാത്രക്കാർ പുറപ്പെടുന്നതിനു മുമ്പ് പ്രാദേശിക ട്രാവൽ മെഡിസിൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നതും നല്ലതാണ്. ഈ ക്ലിനിക്കുകൾ അവശ്യമായ വാക്സിനേഷനുകൾ, പ്രതിരോധ മരുന്നുകൾ, അവർ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ പ്രത്യേക ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി സമഗ്രമായ ആരോഗ്യ മാർഗനിർദേശങ്ങൾ എന്നിവ നൽകും.
ഇത് ആരോഗ്യകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ സഹായകമാകും. യാത്ര ആരംഭിക്കുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പ് കുത്തിവെപ്പുകൾ എടുത്തിരക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു.
#Umrah #Preventive #vaccinations #must #taken