ദുബൈ: (gccnews.in) സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയവർക്കെതിരെ പ്രവാസി യുവതി നടത്തിയ നിയമ പോരാട്ടം ഫലം കണ്ടു.
സംഭവത്തിൽ പ്രതികളായ രണ്ടു പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കാസർകോട് സ്വദേശികളാണ് പിടിയിലായത്. ഇതിൽ തിരുവനന്തപുരം സ്വദേശിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഖത്തറിൽ പ്രവാസിയായ കൊല്ലം സ്വദേശിനിയാണ് സംഘത്തിനെതിരെ നിയമ പോരോട്ടം നടത്തിയത്.
ഖത്തറിൽ കാർഗോ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവതി തന്റെ കുടുംബം നശിപ്പിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തുകയും അജ്മാൻ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതി രജിസ്റ്റർ ചെയ്ത അജ്മാൻ പൊലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അതിവേഗത്തിൽ പിടികൂടുകയുമായിരുന്നു.
ഒന്നര വർഷം മുമ്പ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രതികൾ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അറസ്റ്റിലായവർ കൂടാതെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന് സംശയിക്കുന്നുണ്ട്. സംഘത്തിൽ ഒരു യുവതിയുമുള്ളതായും സൂചനയുണ്ട്.
ഖത്തറിൽ കുടുംബസമേതമായിരുന്നു യുവതി താമസിച്ചിരുന്നത്. കാർഗോ കമ്പനിയുടെ പരസ്യങ്ങൾക്കായി ടിക്ടോക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ യുവതി വിഡിയോ പോസ്റ്റ് ചെയ്യാറുണ്ട്.
ഇത് കണ്ട പ്രതികൾ യുവതിയുമായി ബന്ധം സ്ഥാപിക്കുകയും ഫോൺ നമ്പർ കൈക്കലാക്കുകയുമായിരുന്നു. ഫോണിൽ കൂടിയുള്ള ശല്യം സഹിക്കാതായതോടെ നിരവധി തവണ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റൊരു നമ്പറിൽ വിളിച്ച് ശല്യം തുടർന്നു.
ഒടുവിൽ പ്രശ്നം പരിഹരിക്കാനായി വിഡിയോ കാളിൽ വരാൻ പ്രതികൾ യുവതിയോട് ആവശ്യപ്പെട്ടു.
വിഡിയോ കാളിൽ യുവതി ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തർക്കമായി. ശേഷം യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു.
ഇതിനെതിരെ നാട്ടിൽ പരാതി നൽകിയെങ്കിലും പ്രതികൾ വിദേശത്തായതിനാൽ തുടർ നടപടി വേഗത്തിലായില്ല. ഇതോടെയാണ് യുവതി യു.എ.ഇയിലെത്തിയതും അജ്മാൻ പൊലീസിൽ പരാതി നൽകിയതും.
#Threats #misusing #private #images #Malayalee #legal #battle #yielded #results