ദുബായ് :(gcc.truevisionnews.com) വേനലവധിക്കു നാട്ടിൽ പോകുന്നവരും മറ്റു രാജ്യങ്ങളിൽ ടൂർ പോകുന്നവരും യാത്ര കഴിഞ്ഞു വന്ന ശേഷമേ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ നൽകാവൂ എന്ന് മുന്നറിയിപ്പുമായി പൊലീസും പ്രമുഖ ബിൽഡർമാരും.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേ യാത്രയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ നൽകുന്നത് മോഷ്ടാക്കളുടെ പണി എളുപ്പമാക്കുമെന്ന് പൊലീസ് പറഞ്ഞു.
എവിടെയെല്ലാം പോകുന്നു, എത്ര ദിവസം താമസിക്കും, എന്തെല്ലാം വാങ്ങുന്നു തുടങ്ങി യാത്രയുടെ വിവരങ്ങളും സാമ്പത്തിക ശേഷിയും തട്ടിപ്പുകാരെ ബോധ്യപ്പെടുത്തും വിധമുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ തികഞ്ഞ ജാഗ്രത പാലിക്കണം.
സമൂഹമാധ്യമങ്ങൾ മാറ്റിവച്ചു യാത്ര പരമാവധി ആസ്വദിക്കാനാണ് പല ബിൽഡർമാരും അവരുടെ വാടകക്കാർക്കു നൽകിയിരിക്കുന്ന കുറിപ്പിൽ പറയുന്നത്. നല്ല ചിത്രങ്ങൾ എടുത്തു സൂക്ഷിക്കൂ.
തിരിച്ചെത്തിയ ശേഷം സൗകര്യം പോലെ സമൂഹമാധ്യമങ്ങളിൽ ഇടാം. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതും വലിയ ഹോട്ടലുകളിൽ മുറിയെടുക്കുന്നതും വില കൂടിയ ഭക്ഷണം കഴിക്കുന്നതുമെല്ലാം അനുനിമിഷം അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങളെ നിരീക്ഷിക്കാൻ തട്ടിപ്പുകാർക്ക് അവസരം ഉണ്ടാക്കലാണ്.
നിങ്ങൾ യാത്രയിലാണെന്നു മനസിലാക്കുന്ന തട്ടിപ്പുകാർ നിങ്ങളുടെ ബാങ്കിങ് ഇടപാടുകൾ വരെ ചോർത്തിയെടുക്കാനുള്ള സാധ്യത മുന്നിൽ കാണണം. സമൂഹമാധ്യമ പേജിൽ നിന്നു നിങ്ങൾ താമസിക്കുന്ന കെട്ടിടവും ഫ്ലാറ്റ് നമ്പറും അടക്കം ചോർത്താൻ തട്ടിപ്പുകാർക്ക് അധികം സമയം വേണ്ടിവരില്ല.
വലിയ മോഷണങ്ങൾക്കു വഴി വയ്ക്കാവുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടു നിൽക്കണം. സമൂഹമാധ്യമങ്ങളിൽ സ്റ്റോറികൾ അപ്ഡേറ്റ് ചെയ്യാതിരിക്കാൻ കഴിയില്ലെങ്കിൽ അത് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കു മാത്രം കാണാവുന്ന രീതിയിൽ ഓപ്ഷൻ സെറ്റ് ചെയ്യണം.
യാത്ര പോകുന്ന വിവരം കെട്ടിടത്തിന്റെ സെക്യൂരിറ്റിയെയും അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെയും അറിയിക്കുന്നത് നല്ലതാണ്. ബാങ്കുകൾക്കു വിവരം നൽകുന്നത് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഉപകരിക്കും.
വിദേശത്തു പേയ്മെന്റ് നടത്തുമ്പോൾ സംശയകരമായ ഇടപാടുകൾ കണ്ടാൽ ബാങ്കിന്റെ ഓട്ടമാറ്റിക് സുരക്ഷാ സംവിധാനം നിങ്ങളുടെ കാർഡ് ബ്ലോക്ക് ആക്കാനുള്ള സാധ്യത ഇല്ലാതാക്കാനും ഇതുവഴി സാധിക്കും.
സോഷ്യൽ മീഡിയയിൽ വിവരങ്ങൾ നൽകിയതിനു പിന്നാലെ പല സ്ഥലങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
#dubai #police #urges #socialmedia #vigilance