---
title: " #arrested | സൗദിയിലേക്ക്​​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1,785 വിദേശികൾ പിടിയിൽ"
english_title: "#1785 #foreigners #who #tried #enter #saudiarabia #were #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/223589/1785-foreigners-who-tried-enter-saudiarabia-were-arrested"
published_at: "2024-07-28T22:23:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a677eda3173_AAAAAAAAA.jpg"
keywords: []
---

#  #arrested | സൗദിയിലേക്ക്​​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1,785 വിദേശികൾ പിടിയിൽ

> **Lead Summary:** **അൽഖോബാർ​: **സൗദി അറേബ്യയിലേക്ക്​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1785 പേർ പിടിയിൽ.

## Article Content

**അൽഖോബാർ​: **സൗദി അറേബ്യയിലേക്ക്​ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 1785 പേർ പിടിയിൽ.

ഈ പ്രതികളടക്കം ഒരാഴ്​ചക്കിടെ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച ​ആകെ 21,103 വിദേശികളാണ്​ അറസ്​റ്റിലായത്​.

രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 12,997 പേർ വിസ നിയമം ലംഘിച്ചവരാണ്​.

5,657 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,449 പേർ തൊഴിൽനിയമ ലംഘകരുമാണ്​. അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ 1,785 പേർ പിടിയിലായത്​.

ഇതിൽ 56 ശതമാനം ഇത്യോപ്യക്കാരും 43 ശതമാനം യമനികളും ഒരു​ ശതമാനം ഇതര രാജ്യക്കാരുമാണ്​. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്​റ്റുകളിൽ വെച്ച്​ 55 പേരും അറസ്​റ്റിലായിട്ടുണ്ട്​.

ഇത്തരം നിയമലംഘകർക്ക്​ ഗതാഗത, താമസസൗകര്യങ്ങൾ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക്​ ജോലി നൽകിയവരുമായ 18​ പേർ വേറെയും പിടിയിലായിട്ടുണ്ട്​.

നിലവിൽ കസ്​റ്റഡിയിലുള്ള 14,100 പേരുടെ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇവരെല്ലാം നാടുകടത്തൽ (തർഹീൽ) കേന്ദ്രങ്ങളിലാണ്​ കഴിയുന്നത്​. ഇതിൽ 12,700 പേർ പുരുഷന്മാരും 1,380 പേർ സ്​ത്രീകളുമാണ്​.

4,800 പേരുടെ നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രേഖകൾ അതത്​ രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറിയിട്ടുണ്ട്​. 2,558 പേരുടെ വിമാന ടിക്കറ്റ്​ റിസർവേഷൻ നടപടികൾ പുരോഗമിക്കുകയുമാണ്​.

ഈ കാലയളവിൽ 15,400 പേരെ നാടുകടത്തി. നിയമലംഘകർക്ക്​ താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക്​ 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ്​ ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത്​ ആവർത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/223589/1785-foreigners-who-tried-enter-saudiarabia-were-arrested)