റിയാദ്: (gccnews.in) താൻ കണ്ട സ്വപ്‌നങ്ങൾക്ക് നിറം പകരാനാണ് ആ ഇന്ത്യൻ യുവാവ് പ്രവാസത്തിലേക്ക് വിമാനം കയറിയത്, പക്ഷേ പിറ്റേന്ന് ഹൃദയാഘാതം എല്ലാം ഒറ്റനിമിഷം കൊണ്ട് കെടുത്തിക്കളഞ്ഞു.
ഝാർഖണ്ഡ് ജംഷഡ്പൂർ സ്വദേശി വസീം അക്തർ (26) റിയാദിലെത്തുന്നത് ജൂൺ 26 നാണ്. അന്ന് തന്നെ ജോലി ചെയ്യേണ്ട കമ്പനിയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ പിറ്റേന്ന് മുതൽ ആളെ കാണാതായി.
ദിവസങ്ങളോളം ജോലിക്കെത്താതായപ്പോൾ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയധികൃതർ സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തു.
ആള് ഒളിച്ചോടിയെന്ന് (ഹുറൂബ്) രേഖപ്പെടുത്തുകയും ചെയ്തു. റിയാദിലെത്തി എന്നതല്ലാതെ ഒരു വിവരവും വീട്ടുകാർക്ക് കിട്ടിയിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം അവർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും സൗദിയിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകി.
അതിനിടയിലാണ് മലസ് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള വെയിറ്റിങ് ഏരിയയിൽ ഒരു ഇന്ത്യക്കാരൻ മരിച്ച് കിടന്നെന്നും അയാളെ തിരിച്ചറിഞ്ഞ് നാട്ടിലറിയിക്കാൻ സഹായം വേണമെന്നും ആവശ്യപ്പെട്ട് മലസ് പൊലീസ് സ്റ്റേഷനിൽനിന്ന് സാമൂഹികപ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന് വിളിവരുന്നത്.
വിരലടയാള പരിശോധനയിലൂടെയാണ് പൊലീസ് ഇന്ത്യക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ സ്വദേശമോ മറ്റുവിവരങ്ങളൊ ലഭ്യമാക്കാൻ കഴിഞ്ഞില്ല.
റിയാദ് എയർപോർട്ടിൽ ഇറങ്ങിയപ്പോൾ രേഖപ്പെടുത്തിയ എൻട്രി നമ്പറും വിവരങ്ങളും പൊലീസ് ശിഹാബിന് കൈമാറി. തുടർന്ന് പൊലീസ്, മെഡിക്കൽ റിപ്പോർട്ടുകളുമായി ശിഹാബ് റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെത്തി.
ഉദ്യോഗസ്ഥരോട് കാര്യം ബോധ്യപ്പെടുത്തി പൂർണവിവരങ്ങൾ തേടി. വന്ന ദിവസവും പാസ്പോർട്ട് നമ്പറും ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളും അവർ കൈമാറി. അതെല്ലാമായി എംബസിയിലെത്തി വസീമിന്റെ ജംഷഡ്പൂരിലെ വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് റിയാദിലുള്ള ഝാർഖണ്ഡ് സ്വദേശിയായ സുഹൃത്ത് വഴി അന്വേഷിച്ചു. അയാളുടെ സഹോദരനായ ജംഷഡ്പൂരിലെ പ്രാദേശിക പത്രപ്രവർത്തകൻ വഴി വീട്ടിൽ വിവരമറിച്ചു.
അപ്പോഴാണ് മരണവിവരം വീട്ടുകാർ അറിയുന്നത്. ശിഹാബിനെ ബന്ധപ്പെട്ട് കാര്യങ്ങളറിഞ്ഞിട്ടും വസീം മരിച്ചെന്ന് വിശ്വസിക്കാൻ വീട്ടുകാർ തയാറായില്ല.
മൃതദേഹം നാട്ടിലേക്ക് അയക്കുകയാണോ ഇവിടെ സംസ്കരിക്കുകയാണോ വേണ്ടതെന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും അതിനാവശ്യമായ രേഖകൾ കൈമാറണമെന്നും ആവശ്യപ്പെട്ടപ്പോൾ മരിച്ചത് വസീം തന്നെയാണോ എന്ന് അറിയേണ്ടതുണ്ടെന്ന് കുടുംബം ആവർത്തിച്ചു.
തുടർന്ന് മൃതദേഹം തിരിച്ചറിയാൻ സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള വസീമിന്റെ ബന്ധുക്കൾ റിയാദിലെത്തി. ശുമൈസി ആശുപത്രിയിലെ മോർച്ചറിയിലുള്ള മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.
അക്കാര്യം നാട്ടിൽ അറിയിച്ചതിനെ തുടർന്ന് രേഖകളെല്ലാമെത്തി. ഒറിജിനൽ പാസ്‌പോർട്ട് എവിടെയുണ്ടെന്ന് അറിയാഞ്ഞതിനാൽ എംബസി എമർജൻസി പാസ്പോർട്ട് നൽകി. വസീമിന്റെ തൊഴിലുടമ വിമാന ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവും വഹിച്ചു.
അടുത്ത ദിവസം തന്നെ നടപടിക്രമണങ്ങൾ പൂർത്തിയാക്കി ഝാർഖണ്ഡ് വിമാനത്താവളത്തിലേക്കും തുടർന്ന് ആംബുലൻസിൽ സ്വദേശമായ റാഞ്ചിയിലേക്കും മൃതദേഹം എത്തിച്ചു.
വസീമിന് ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ജീവിതം മെച്ചപ്പെടുത്താൻ പ്രവാസം സ്വീകരിച്ചെത്തിയ വസീമിന് 24 മണിക്കൂർ തികച്ച് സ്വപ്നഭൂമിയിൽ ജീവനോടെയിരിക്കാൻ സാധിച്ചില്ല. റാഞ്ചിയിലെ ഖബർസ്ഥാനിൽ വസീമിനൊപ്പം അയാളുടെ സ്വപ്നങ്ങളും അടങ്ങി.
#exile #improve #life #nextday #heartattack