ദോഹ: (gcc.truevisionnews.com)ഖത്തർ സർവകലാശാലയുടെ ഫാൾ 2024 സെമസ്റ്ററിലേക്ക് 5600 വിദ്യാർഥികൾ പ്രവേശനം നേടിയതായി സർവകലാശാല അറിയിച്ചു.
പ്രവേശനം നേടിയ വിദ്യാർഥികളിൽ 71 ശതമാനവും ഖത്തരികളാണ്.
പുതിയ അഡ്മിഷൻ, മറ്റ് സർവകലാശാലകളിൽനിന്നുള്ള വിദ്യാർഥികൾ, രണ്ടാം ബാച്ചിലേഴ്സ് ഡിഗ്രി അപേക്ഷകർ, സന്ദർശക വിദ്യാർഥികൾ എന്നിവർ ഇത്തവണ പ്രവേശനം നേടിയതായി സ്റ്റുഡന്റ് അഫേഴ്സ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ദിയാബ് പറഞ്ഞു.
സർവകലാശാലയിലെ ഓരോ കോളജിന്റെയും ശേഷിയെ അടിസ്ഥാനമാക്കിയാണ് പ്രവേശന മാനദണ്ഡം. സെമസ്റ്റർ ക്ലാസുകൾ ആഗസ്റ്റ് 25ന് ആരംഭിക്കും.
ഫാൾ സെമസ്റ്ററിലേക്ക് പ്രവേശനം നേടാത്തവർക്ക് സ്പ്രിംഗ് 2025 സെമസ്റ്ററിലേക്ക് അപേക്ഷിക്കാമെന്നും, ഓരോ കോളജിന്റെയും ശേഷിയും അപേക്ഷകർക്കിടയിലെ പ്രകടനവും അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകിയിരിക്കുന്നതെന്നും ഡോ. ദിയാബ് പറഞ്ഞു.
പ്രവേശനം നേടിയ വിദ്യാർഥികൾ ആഗസ്റ്റ് 18 ഞായറാഴ്ച ആരംഭിക്കുന്ന ഒൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കണം.
പുതിയ വിദ്യാർഥികളെ സർവകലാശാലാ അന്തരീക്ഷം, വിദ്യാർഥികളുമായി ബന്ധപ്പെട്ട നയങ്ങളും നിയന്ത്രണങ്ങളും, സർവകലാശാലയിലെ അവരുടെ അക്കാദമിക് യാത്രയിൽ വാഗ്ദാനം ചെയ്യപ്പെടുന്ന സേവനങ്ങൾ എന്നിവ പ്രോഗ്രാമിലൂടെ പരിചയപ്പെടുത്തുന്നു.
#qatar #university #admits #5600 #student