ജിദ്ദ :(gcc.truevisionnews.com) മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സൗദിയില്‍ ഈത്തപ്പഴത്തിന് വൻ വിലത്തകർച്ച. കയറ്റുമതിക്ക് നേരിടുന്ന പ്രതിബന്ധങ്ങളാണ് വിലയിടിച്ചിലിന് പ്രധാന കാരണമെന്ന് വ്യാപാരികളും നിക്ഷേപകരും പറയുന്നു.
ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂട് ഈത്തപ്പഴത്തിന്റെ വിളവിനെയും ഗുണമേന്മയും ബാധിച്ചതായി ഹദീം ഡേറ്റ്‌സ് കമ്പനി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍തുവൈജിരി പറഞ്ഞു.
ഈ വര്‍ഷം ഈത്തപ്പഴ വില കുറയുമെന്ന കാര്യം നേരത്തെ തന്നെ പ്രതീക്ഷിച്ചതാണ്. വരും വാരങ്ങളില്‍ ഉല്‍പാദന നിലവാരവും വിലയും മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് നേരിടുന്ന പ്രശ്‌നങ്ങളും ഈത്തപ്പഴ വില കുറയാന്‍ ഇടയാക്കിയ കാരണമാണ്. കയറ്റുമതി തടസ്സപ്പെട്ടത് പ്രാദേശിക വിപണിയില്‍ ഈത്തപ്പഴ ലഭ്യത ഉയര്‍ത്തി.
ഇത് വിലയെ സ്വാധീനിച്ചു. കയറ്റുമതിക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നതിനാൽ മദീന, അല്‍ഖസീം പോലെ ഈത്തപ്പന കൃഷി വ്യാപകമായ ചില പ്രവിശ്യകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഈത്തപ്പഴ സ്റ്റോക്ക് ഇപ്പോഴുമുണ്ടെന്നും അബ്ദുല്‍ അസീസ് അല്‍തുവൈജിരി പറഞ്ഞു.
മൂന്നു കിലോ തൂക്കമുള്ള മുന്തിയ ഇനം സുക്കരി ഈത്തപ്പഴത്തിന്റെ ഒരു ബോക്‌സ് 50 റിയാലിന് വില്‍ക്കേണ്ടതിനു പകരം ഇപ്പോള്‍ 25 റിയാലിനാണ് വില്‍ക്കുന്നതെന്ന് നാല്‍പതു വര്‍ഷത്തിലേറെയായി ഈത്തപ്പഴ വ്യാപര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അബൂറയാന്‍ അല്‍ഹര്‍ബി പറഞ്ഞു.
സ്‌കൂള്‍ വേനലവധിക്കാലം ഈത്തപ്പഴത്തിന്റെ വില കുറയാന്‍ പ്രധാന കാരണമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയും വിദേശങ്ങളിലും മറ്റും അവധിക്കാലം ചെലവഴിക്കുന്ന കുടുംബങ്ങള്‍ തിരിച്ചെത്തുകയും ചെയ്യുന്നതിനാല്‍ അടുത്തയാഴ്ചയോടെ വില വലിയ തോതില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബൂറയാന്‍ അല്‍ഹര്‍ബി പറഞ്ഞു.
ഗുണമേന്മ കുറഞ്ഞതാണ് ഇത്തവണ ഈത്തപ്പഴത്തിന്റെ വില കുറയാന്‍ മറ്റൊരുകാരണമെന്ന് അല്‍സുല്‍ത്താന്‍ ഡേറ്റ്‌സ് കടകളുടെ ഉടമ അബൂജാറല്ല പറയുന്നു.
മുന്തിയ ഇനം ഈത്തപ്പഴത്തിന് ഇപ്പോഴും ന്യായമായ വില ലഭിക്കുന്നുണ്ടെന്നും അബൂജാറല്ല പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ ഈത്തപ്പഴ കയറ്റുമതി 14 ശതമാനം വര്‍ധിച്ചിരുന്നു.
2023 ല്‍ 146.2 കോടി റിയാലിന്റെ ഈത്തപ്പഴമാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 ല്‍ ഈത്തപ്പഴ കയറ്റുമതി 128 കോടി റിയാലായിരുന്നു.
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം 16 ലക്ഷം ടണ്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നുണ്ട്. മുന്നൂറിലേറെ ഇനം ഈത്തപ്പഴങ്ങള്‍ സൗദിയില്‍ വിളയുന്നു. സുക്കരി, ഖലാസ്, അജ്‌വ, അല്‍സ്വഖ്ഇ, അല്‍സ്വഫരി എന്നീ ഇനങ്ങളാണ് ഇതില്‍ പ്രധാനം.
#price #dates #has #fallen #saudi #arabia