ദുബൈ: (gcc.truevisionnews.com) കടുത്ത വേനൽ ചൂടിനിടയിൽ അബൂദബി, ഷാർജ എമിറേറ്റുകളിലെ ചിലയിടങ്ങളിൽ ഞായറാഴ്ചയുണ്ടായ ശക്തമായ മഴയും ആലിപ്പഴ വർഷവും ജനങ്ങൾക്ക് ആശ്വാസമായി.
ഞായറാഴ്ച വൈകീട്ടോടെയാണ് അബൂദബിയിലെ അൽ ഷിവാബ്, അൽ ഐൻ എന്നിവിടങ്ങളിലും ഷാർജയിലെ കിഴക്കൻ ഭാഗമായ അൽ മദാമിലും മഴയെത്തിയത്.
മഴയുടെ ദൃശ്യങ്ങൾ എൻ.സി.എം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, മറ്റു എമിറേറ്റുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസായി തുടരുകയാണ്.
പകൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) പ്രവചിച്ചിരുന്നു. എങ്കിലും ചിലയിടങ്ങളിൽ ഭാഗികമായി ആകാശം മേഘാവൃതമാവുകയും ഇതുമൂലം മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം പ്രവചിച്ചിരുന്നു.
മഴയും പൊടിക്കാറ്റിനും സാധ്യതയുള്ള സാഹചര്യത്തിൽ ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ രാത്രി എട്ട് മണിവരെ ചില മേഖലകളിൽ എൻ.സി.എം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
#Rain #hail #AbuDhabi #Sharjah