ദുബായ്: (gcc.truevisionnews.com) പകൽ ചൂടിനു കുറവില്ലാത്ത സാഹചര്യത്തിൽ ഉച്ചവിശ്രമ സമയം ഈ മാസം അവസാനം വരെ നീട്ടാൻ കമ്പനികൾ തീരുമാനിച്ചു.
ഉച്ചവിശ്രമം ഈ ഞായറാഴ്ചയോടെ അവസാനിക്കേണ്ടതാണ്. തൊഴിലാളികളുടെ ആരോഗ്യം പരിഗണിച്ചാണ് തീരുമാനം. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതിനു പുറമെ കൂടെ ദിവസവും പൊടിക്കാറ്റുണ്ട്.
നിയമ പ്രകാരമുള്ള കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഉച്ചയ്ക്കു പുറം ജോലികൾക്ക് ആളുകളെ നിയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന വിലയിരുത്തലിലാണ് 15 ദിവസം കൂടി വിശ്രമം തുടരാൻ തീരുമാനിച്ചത്.
പണിസ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ് മറ്റു സമയങ്ങളിലും ജോലി ചെയ്യിക്കുന്നത്.
കമ്പനികൾ സ്വമേധയാ ഉച്ചവിശ്രമം നൽകാനെടുത്ത തീരുമാനത്തെ തൊഴിൽ മന്ത്രാലയം സ്വാഗതം ചെയ്തു. ഈ വർഷം ചൂടു കഠിനമായതിനാൽ, പുറം ജോലികൾക്കു കർശന നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തിയത്.
നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുത്തിരുന്നു. 20ാം വർഷമാണ് യുഎഇ ഉച്ചവിശ്രമ പദ്ധതി നടപ്പാക്കുന്നത്.
ജൂൺ 15 മുതൽ ഈ മാസം 15 വരെയാണ് ഉച്ചവിശ്രമം. രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും ബോധവൽക്കരണത്തിനുമായി 1.13 ലക്ഷം പരിശോധനകൾ തൊഴിൽ മന്ത്രാലയം നടത്തി. കഴിഞ്ഞ വർഷം 96 കമ്പനികളാണ് ഉച്ചവിശ്രമ നിയമം ലംഘിച്ചത്.
#heat #not #decrease #lunch #break #continue #throughout #month