മസ്കത്ത്:(gcc.truevisionnews.com) വിസയും പാസ്പോർട്ടുമില്ലാതെ രോഗിയായി ഒമാനിൽ കഴിയുന്ന കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ എംബസിയുടെ സഹായം തേടി റൂവി കെ.എം.സി.സി. പറവൂരിലെ ലേകൻ സുകേശൻ ഒമാനിൽ വിസയില്ലാതെ താമസിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി.
ഇടക്ക് എപ്പോഴോ പാസ്പോർട്ടും നഷ്ടമായി. 34 വർഷം മുമ്പാണ് ഇദ്ദേഹം ഒമാനിൽ എത്തിയത്. പെയിന്റിങ് ആയിരുന്നു ജോലി. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതിനാൽ സാമ്പത്തികമായി ഞെരുങ്ങി.
വിസ പുതുക്കാൻ പണം തികഞ്ഞില്ല. നിത്യവൃത്തിയും മുട്ടിയതിനാൽ താമസമുറിക്ക് കൃത്യമായി വാടക നൽകാനും കഴിയാതെ പലയിടങ്ങളിൽ താമസം മാറി.
കഴിഞ്ഞ മൂന്നു വർഷത്തോളമായി ഇദ്ദേഹത്തിന് കാര്യമായ ജോലിയും വരുമാനവുമില്ല. അതോടൊപ്പം രോഗവും വേട്ടയാടി. കണ്ണുകൾക്ക് കാഴ്ച നന്നേ കുറവ്.
ഓർമക്കുറവും ബാലൻസിന്റെ പ്രശ്നവും ഉള്ളതിനാൽ പരസഹായമില്ലാതെ നടക്കാൻപോലും ബുദ്ധിമുട്ടുണ്ട്.
താമസിക്കാൻ ഇടമില്ലാതെ അലഞ്ഞു നടക്കുമ്പോഴാണ് മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശി മുബഷിറിന്റെ അടുക്കൽ ലേകൻ താമസിക്കാൻ ഒരിടം ആവശ്യപ്പെട്ട് എത്തുന്നത്.
ഇദ്ദേഹമാണ് വിഷയം റൂവി കെ.എം.സി.സിയുടെ ശ്രദ്ധയിൽപെടുത്തുന്നത്. അവിവാഹിതനായ ലേകന്റെ മാതാപിതാക്കളും മരണപ്പെട്ടു. സഹോദരങ്ങൾ മാത്രമാണുള്ളത്.
റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കാനും ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
#visa #passport #Sukeshan #migrate #years #since #Oman