കുവൈത്ത്‌സിറ്റി :(gcc.truevisionnews.com) ലൈറ്റ്, ഹെവി വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴി അല്ലാതെ നടത്തിയാല്‍ ജയില്‍ വാസവും കനത്ത പിഴയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ വാസമോ,100 മുതല്‍ 5000 ദിനാര്‍ വരെ പിഴയും നിയമ ലംഘകര്‍ക്ക് നല്‍കേണ്ടിവരും.
വില്‍പനയ്ക്കുള്ള പണം ഇടപാടുകള്‍ കുറ്റകരമാക്കി കഴിഞ്ഞ ദിവസം വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ഉത്തരവ് ഇറക്കിയിരുന്നു.
തീരുമാനം കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമാണന്ന് മന്ത്രാലയം അറിയിച്ചു. മന്ത്രിയുടെ ഉത്തരവിന് പിന്നാലെ വിശദവിവരങ്ങള്‍ ഇന്നലെ ഔദ്ദ്യോഗിക ഗസറ്റായ അല്‍-യൂമ്മില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തീരുമാനം മൂന്ന് ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.വാണിജ്യ - വ്യവസായ മന്ത്രാലയ നിയമത്തിലെ 117/2013 ആര്‍ട്ടിക്കിള്‍ 13 ഭേദഗതി ചെയ്താണ് തീരുമാനം നടപ്പാക്കിയത്.
പുതിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഒന്ന്, രണ്ട് വകുപ്പുകള്‍ക്ക് അനുസൃതമായി പുറപ്പെടുവിച്ച തീരുമാനങ്ങള്‍ ലംഘിച്ചാല്‍ 100 ദിനാര്‍ മുതല്‍ 1000- ദിനാര്‍ വരെ പിഴ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നു.
അത്‌പോലെ തന്നെ മേല്‍പ്പറഞ്ഞ ആര്‍ട്ടിക്കിളിലെ മൂന്ന്, നാല് വകുപ്പുകള്‍ ലംഘിച്ചാല്‍ ഒരു മാസത്തില്‍ കുറയാത്തതും രണ്ട് വര്‍ഷത്തില്‍ കൂടാത്തതുമായ തടവും അതോടൊപ്പം, 500 മുതല്‍ 5000 ദിനാര്‍ വരെ പിഴ ശിക്ഷയും ലഭിക്കാം.
വാഹനക്കച്ചവടക്കാരും ഇടനിലക്കാരും തീരുമാനം പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍, കുറ്റകൃത്യം നടന്ന സ്ഥാപനം മൂന്ന് മാസത്തേക്ക് അടച്ചിടാനോ ലൈസന്‍സ് റദ്ദാക്കി സ്ഥാപനം സ്ഥിരമായി പൂട്ടാനോ കഴിയും.
പണമിടപാടുകള്‍ ബാങ്ക് വഴിയാകുമ്പോള്‍ അധികൃതര്‍ക്ക് ഫണ്ടുകളുടെ വരവ്-ചെലവ് എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കും. അതിലൂടെ അവയുടെ ഉറവിടം നിയമപരമാണെന്ന് ഉറപ്പാക്കാനും സാധിക്കും.
#Penalty #vehicle #transfer #transactions #other #through #bank #account